പെർത്ത് : കാനിംഗ്ടണിലെ വെസ്റ്റ്ഫീൽഡ് കറൗസൽ ഷോപ്പിംഗ് സെൻ്ററിൽ സംഘർഷത്തിനിടെ ഒരാൾക്ക് കത്തിക്കൊണ്ട് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെർത്തിലെ കറൗസൽ ഷോപ്പിംഗ് സെൻ്ററിൽ കത്തി ആക്രമണം ഉണ്ടായതിന് ശേഷം രണ്ട് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
ഉച്ചകഴിഞ്ഞ് 3:30 ഓടെ കാനിംഗ്ടണിലെ വെസ്റ്റ്ഫീൽഡ് കറൗസലിൽ വെച്ച് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും 20 വയസ്സുള്ള ഒരാളെ മറ്റൊരാൾ കത്തി ഉപയോഗിച്ച് മുഖത്ത് വെട്ടുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി . വിവരം ലഭിച്ചതിനെ തുടർന്ന് ഷോപ്പിംഗ് സെൻ്ററിലേക്ക് പോലീസ് എത്തുകയും കൂടുതൽ പരിശോധന നടത്തുകയും ചെയ്തു .ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ മൂന്നാമതൊരാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് രണ്ടാമത്തെ കത്തി കണ്ടെടുത്തതായും വെള്ളിയാഴ്ച വൈകുന്നേരം പോലീസ് പറഞ്ഞു.
പൊതുജനങ്ങൾക്ക് ഒരു ഭീഷണിയും അല്ലെങ്കിൽ കൂടുതൽ ആശങ്കപ്പെടാനുള്ള കാരണവും ഇല്ലെന്ന് പോലീസ് അറിയിച്ചു .സിഡ്‌നിയിലെ വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷൻ ഷോപ്പിംഗ് സെൻ്ററിൽ ആറ് പേരെ കുത്തി കൊല്ലുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പുതിയ സംഭവം.ആയതിനാൽ വെള്ളിയാഴ്ചത്തെ സംഭവത്തിൽ ആളുകൾ നടുങ്ങിപ്പോയത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ഡബ്ല്യുഎ പോലീസ് ഇൻസ്പെക്ടർ ജെഫ് ഡിസാംഗസ് പറഞ്ഞു.കിഴക്കൻ സംസ്ഥാനങ്ങളിലും ബോണ്ടിയിലും സമീപകാലത്ത് സംഭവിച്ച ആക്രമണങ്ങളുടെ റിപ്പോർട്ടുകളും മറ്റും കണക്കിലെടുക്കുമ്പോൾ, ആളുകൾ ആശങ്കാകുലരാണെന്ന് പൂർണ്ണമായും മനസ്സിലാക്കാമെന്നും ഇൻസ്പെക്ടർ ഡി സാംഗസ് കൂട്ടിച്ചേർത്തു .
പ്രദേശം ഒഴിവാക്കാൻ ആളുകളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു, അതേസമയം കേന്ദ്രത്തിനുള്ളിലെ സാധനങ്ങൾ വാങ്ങുന്നവരോട് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകാനും സംശയാസ്പദമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യാനും പോലീസ് ആവശ്യപ്പെട്ടു .ചില കടകൾക്ക് വാതിലുകൾ അടയ്ക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു .എന്നാൽ സ്റ്റോറുകൾ ഇപ്പോൾ വീണ്ടും തുറക്കുകയാണെന്ന് എബിസിയോട് സംസാരിച്ച റീട്ടെയിൽ തൊഴിലാളികൾ പറഞ്ഞു.ഷോപ്പിംഗ് സെൻ്ററിലെ എല്ലാ കടകളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ചില സ്റ്റോറുകൾ അവരുടെ സുരക്ഷയെ മുൻനിറുത്തി ദിവസം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചു.
വെസ്റ്റ്ഫീൽഡ് കറൗസൽ പെർത്തിലെ സിബിഡിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്ക്, മെട്രോപൊളിറ്റൻ ഏരിയയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നാണ്.






























