കോഴിക്കോട്: ആല്‍ബിൻ സെബാസ്റ്റ്യൻ കോഴിക്കോട് വൻ സെറ്റപ്പില്‍ ലഹരി കച്ചവടം നടത്തുമ്ബോഴും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് അർമേനിയയില്‍ ഉയർന്ന ശമ്ബളത്തില്‍ ജോലിയെന്നായിരുന്നു.
കഴിഞ്ഞ ദിവസം പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയില്‍ ആല്‍ബിൻ സെബാസ്റ്റ്യനെ പൊലീസ് പിടികൂടുന്നത് വരെയും സ്വന്തം വീട്ടുകാർ പോലും ഇയാള്‍ നാട്ടിലുണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്ബ് ജോലിക്കായി അർമേനിയയിലേക്ക് പോയ ആല്‍ബിൻ സെബാസ്റ്റ്യൻ എട്ടുമാസം മുമ്ബ് കേരളത്തില്‍ തിരിച്ചെത്തി കോഴിക്കോട് കേന്ദ്രമാക്കി വൻ സെറ്റപ്പില്‍ ലഹരി വ്യാപാരം നടത്തുകയായിരുന്നു.
മെയ് 19 ന് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട്ടില്‍ വെള്ളയില്‍ പൊലീസും ഡാൻസാഫും നടത്തിയ പരിശോധയില്‍ രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്ക് മരുന്നുകള്‍ പിടി കൂടിയതോടെയാണ് ആല്‍ബിൻ സെബാസ്റ്റ്യന് കുരുക്ക് മുറുകിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധക്ക് വീട്ടില്‍ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എല്‍ എസ്.ഡി സ്റ്റാബുകള്‍ എന്നിവയും ഇവർ താമസിച്ച വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഊർജിത അന്വേഷണം നടത്തിയതില്‍ ആദ്യ പ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവില്‍ നിന്നും പിടികൂടിയിരുന്നു. പിന്നാലെയാണ് കുമളിയില്‍ നിന്ന് ആല്‍ബിൻ സെബാസ്റ്റ്യനെയും പൊലീസ് പിടികൂടിയത്.
ആല്‍ബിൻ സെബാസ്റ്റ്യനും ഷൈൻ ഷാജിയും കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുമ്ബോള്‍ സുഹൃത്തുക്കളായതാണ്. ഒരുവർഷം മുമ്ബ് ജോലി ആവശ്യത്തിന് രണ്ട് പേരും അർമേനിയയില്‍ പോയിരുന്നു. 4 മാസം അവിടെ നിന്ന ശേഷം വീട്ടുകാർ അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ചു വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തുകയായിരുന്നു.
കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും യുവതികള്‍ക്കും കോളജ് വിദ്യാർഥികള്‍ക്കും ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ് ഇവർ. പൊലീസ് റെയ്ഡ് നടത്തുമ്ബോള്‍ ഓടി രക്ഷപ്പെട്ട ഇവർ രണ്ട് പേരും പൊലീസ് പിടികൂടാതിരിക്കാൻ ഗോവ, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
ഒരു വർഷം മുമ്ബ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് എയർപോട്ടില്‍ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആല്‍ബിൻ നാട്ടില്‍ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. മകൻ അവിടെ ജോലി ചെയ്ത് നല്ല നിലയില്‍ കഴിയുകയാണെന്നാണ് അവർ കരുതിയത്. മയക്കുമരുന്ന് കേസില്‍ പൊലീസ് തിരഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മകൻ അർമേനിയയില്‍ അല്ല കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുകയാണെന്ന കാര്യം വീട്ടുകാർ പോലും അറിഞ്ഞത്.






























