തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
അതേസമയം, എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്കാണ് ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേ മാറിനൽകിയത്. തുടർന്ന് ഈ എക്സ്റേവെച്ച് 16-കാരിയെ നട്ടെല്ലിനുള്ള വളവിന് ചികിത്സിക്കുകയും നാലുദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്തു.
ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ, റേഡിയോളജി വകുപ്പിൽനിന്ന് 88-കാരിയുടെ എക്സ്റേയാണ് ഇവർക്ക് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ ഇതിന് മരുന്നുകുറിച്ച് നൽകി. ഡോക്ടറുടെ നിർദേശപ്രകാരം മൂന്നുദിവസത്തിന് ശേഷം ശ്വാസകോശ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്സ്റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്. ഇതോടെ പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.






























