ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ക്വീൻസ് ലൻഡിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. 20 വയസ് പ്രായമുള്ള ആന്ധ്രാപ്രദേശ് സ്വദേശികളായ ചൈതന്യ മുപ്പരാജു, സൂര്യ തേജ ബോബ എന്നിവരാണ് മരിച്ചത്.
ക്വിൻസ് ലൻഡ് സംസ്ഥാനത്തെ കെയ്ൻസിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടെ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ വീണ്ടെടുത്തത്. ചൊവ്വാഴ്‌ച രാവിലെ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ ഉച്ചയോടെയാണ് കണ്ടെടുത്തത്.
ഒരു യുവാവാണ് ആദ്യം മുങ്ങിപ്പോയത്. ഈ യുവാവിനെ സഹായിക്കാൻ ശ്രമിച്ചപ്പോഴാണ് രണ്ടാമത്തെ യുവാവും അപകടത്തിൽപെട്ടതെന്നാണ് നിഗമനം. മൂന്നാമതൊരു സുഹൃത്ത ഇവർക്കൊപ്പമുണ്ടായിരുന്നു.
വിദ്യാർത്ഥികളുടെ സംസ്ക്കാരച്ചെലവുകൾക്കായി പണം സ്വരൂപിക്കുന്നതിനായി ഫണ്ട് ശേഖരണവും ഓൺലൈനിലൂടെ ആരംഭിച്ചു.
പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് തെലുങ്ക് അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.































