ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താൻ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് രണ്ട് മാസം കാലാവധിയുള്ള വിസരഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ് സർക്കാർ. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിസ രഹിത യാത്രാ കാലയളവ് നിലവിലെ 30 ദിവസത്തിൽ നിന്ന് 60 ദിവസമായി നീട്ടി. തായ് ഇമിറ്റേഷൻ ബ്യൂറോ വഴി വിസ കാലയളവ് നീട്ടാം.
കഴിഞ്ഞ ദിവസം ഈ നിയമ പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വന്നു. നേരത്തേ 57 രാജ്യക്കാർക്കാണ് വിസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നത്. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് പുതിയ നീക്കം. തായ്ലൻഡ് പ്രധാനമന്ത്രി സ്രേത്ത തവിസിൻ്റെ നിർദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങൾ.
തായ്‌ലൻഡിൽ ബാച്ചിലേഴ്സസ് ബിരുദമോ അതിലും ഉയർന്ന ബിരുദമോ സമ്പാദിക്കുന്ന സന്ദർശക വിദ്യാർത്ഥികൾക്ക് ബിരുദാനന്തരം ഒരു വർഷം വരെ ജോലി ചെയ്യുന്നതിനും രാജ്യം അനുവദിക്കും. അതോടൊപ്പം തന്നെ ഓൺലൈനായി ജോലികൾ ചെയ്യുന്ന ടൂറിസ്റ്റുകൾക്കായി 180 ദിവസം കാലാവധിയുള്ള വിസ നൽകാനും തായ്‌ലൻഡിന് പദ്ധതിയുണ്ട്. ഡിജിറ്റൽ നൊമാഡ് വിസ എന്നാണിത് അറിയപ്പെടുന്നത്.
തായ്ലൻഡിന്റെ സമ്പദ് വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങൾ, മലനിരകൾ, ബീച്ചുകൾ, ഫ്ളോട്ടിങ് മാർക്കറ്റുകൾ, ആനകളുടെ പ്രദർശനം തുടങ്ങിയവയാണ് തായ്‌ലൻഡിന്റെ മുഖ്യ ആകർഷണങ്ങൾ .
ഔദ്യോഗിക കണക്കുകൾ പ്രകാരം 2024ലെ ആദ്യ ആറ് മാസങ്ങളിൽ തായ്‌ലൻഡിൽ 17.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35% വർധന. എന്നാൽ കോവിഡിന് മുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണ്.
സന്ദർശകരിൽ ഭൂരിഭാഗവും ചൈന, മലേഷ്യ ,ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇതേ കാലയളവിലെ ടൂറിസം വരുമാനം 858 ബില്യൺ ബാറ്റ് (23.6 ബില്യൺ ഡോളർ) ആയിരുന്നു. ഇത് സർക്കാരിന്റെ ലക്ഷ്യത്തിന്റെ നാലിലൊന്നിൽ താഴെയാണ്.
ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് തായ്‌ലൻഡിലെ സ്വവർണ ക്ഷേത്രങ്ങൾ, വെളുത്ത മണൽ ബീച്ചുകൾ, മനോഹരമായ പർവതങ്ങൾ, രാത്രി ജീവിതം എന്നിവയ്ക്കായി ഓരോ വർഷവും ഒഴുകി എത്താറുള്ളത്.































