ആ ഭ൦ഗിയിലേയ്ക്ക് ഇതാണ് വഴി
കൊല്ലാട് കിഴക്കുപുറ൦- കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊല്ലം കവലയിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ തൃക്കോവിൽ ശിവക്ഷേത്രത്തിന് സമീപം എത്താം. ക്ഷേത്രത്തിനു താഴെയാണ് പാടശേഖര൦
പനച്ചിക്കാട് അമ്പാട്ട് ആമ്പൽ വസന്തം
കോട്ടയ൦ പുതുപ്പള്ളി- ഞാലിയാംകുഴി റോഡിൽ ഇരവിനല്ലൂരിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് പനച്ചിക്കാട് ക്ഷേത്രം റോഡ് വഴി സഞ്ചരിച്ചാൽ അമ്പാട്ടുകടവിൽ എത്താം.
ചിങ്ങവനം – പനച്ചിക്കാട് റോഡിൽ കച്ചേരി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പോയാലും അമ്പാട്ടുകടവ് ഭാഗത്ത് എത്താം.
അഞ്ചലശ്ശേരിയിലേക്ക്
കുറിച്ചി അഞ്ചലശ്ശേരിയിൽ കണ്ണെത്താദൂരത്തോളം ആമ്പൽ പാടമാണ്. കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരി എഫ് ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ചലശ്ശേരി, ആറായിര൦ പാടശേഖരങ്ങളിലാണ് ആമ്പൽ വസന്തം. സൂര്യോദയവും, അസ്തമയവും കാണാം.
എം സി റോഡിൽ കുറിച്ചു ഔട്ട് പോസ്റ്റ് കവലയിൽ നിന്ന് കൈ നടി – കാവാലം റോഡിലൂടെ പത്തിൽപാലത്ത് എത്തുക.
ഇവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചല ശ്ശേരി ആമ്പൽ വസന്തം കാണാം.
അമ്പമ്പോ! ഈ ആമ്പൽ വസന്തം*
കൊയ്തൊഴിഞ്ഞ പാടത്ത് പെയ്തു തീരാത്ത മഴയിൽ വർണ്ണങ്ങൾ വിതറി ആമ്പൽ വസന്തം. പാടശേഖരങ്ങളിലെ നെൽ കൃഷി സീസൺ കഴിയുന്നതോടെ ചേറിൽ പുതഞ്ഞ ആമ്പൽ വിത്തുകൾ കിളിർത്ത് പൂത്തുലയുന്നതാണ് കാണികളുടെ മനം കവരുന്നത്. പലയിടത്തും ആമ്പൽ വസന്തം മിഴി തുറക്കുമെങ്കിലും ഇത്തവണ ആദ്യം ഉണർന്നത് കൊല്ലാട് പ്രദേശത്തെ വയലുകളാണ്. നെൽ കൃഷിയുടെ ഇടവേളയിൽ മാത്രം കൗതുകം പകരുന്ന വസന്തമാണ് ഇത്. പാടങ്ങളിലെ കളങ്ങളിൽ നിന്ന് അവസാനത്തെ പറ നെല്ലും കരകയറ്റുമ്പോൾ മട തുറന്ന് വെള്ളം കയറ്റും. ഇതോടെയാണ് പാട൦ ‘പൂക്കാൻ’ തുടങ്ങുന്നത്. ജൂണിൽ പാടത്ത് വെള്ളം കയറ്റും. പിന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ആമ്പലിന്റെ പിടിയിലാകും. അടുത്ത കൃഷിക്കായി ഒക്ടോബറിൽ വീണ്ടും പാട൦ ഉഴുത് ഒരുക്കുമ്പോൾ ആമ്പൽ ചതുപ്പിലേക്ക് താഴും ഇലയും പൂക്കളും തണ്ടും അഴുകുമെങ്കിലും വിത്തുകൾ ചെളിയിൽ പുതഞ്ഞു കിടക്കും. അതാണ് വീണ്ടും കിളർത്ത് തളിർത്തു പൂവിടുന്നത്. നീല കലർന്ന പച്ചനിറത്തോടെയുള്ള ആമ്പലിന്റെ തണ്ടിന് 3 മീറ്ററോളം നീളമുണ്ടാകും. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരു അടിയോളം ഉയരത്തിൽ കാണാനാവും.
കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയായ മലരിക്കൽ, ചീപ്പുങ്കൽ, പടയണിയുടെ നാടായ നീല൦ പേരൂർ, ഏഴു മാന്തുരുത്ത് എന്നിവിടങ്ങളിലൊക്കെ സീസൺ കാലയളവിൽ ആമ്പൽ കൂട്ടമായി വിരിയും. എന്നാൽ ഇത്തവണ ഈ സ്ഥലങ്ങളിൽ വസന്തം തുടങ്ങിയിട്ടില്ല. പനച്ചിക്കാട് പഞ്ചായത്തിലെ പാടശേഖരങ്ങൾ പക്ഷേ, ആമ്പലിന്റെ വരവറിയിച്ച് പൂത്തുലഞ്ഞു. ഇവിടങ്ങളിൽ സഞ്ചാരികളുടെ വരവു തുടങ്ങി. കൊല്ലാട് കിഴക്കു൦പുറം പാടശേഖരവും അമ്പാട്ടുകടവിലെ പാടങ്ങളും ഉണരുന്നത് ‘ഫോട്ടോഷൂട്ടി’ നായിട്ടാണ്. കാഴ്ചകൾ കാണാനും സമയം ചെലവിടാനും ഇവിടെ തിരക്കേറെയാണ്. പൂക്കൾ പൂർണ്ണമായും വിരിഞ്ഞുനിൽക്കുന്ന സൗന്ദര്യം ആസ്വദിക്കണമെങ്കിൽ അതിരാവിലെ പോകണം. തിരക്ക് വർധിക്കുമ്പോൾ സഞ്ചാരികൾക്കായി വള്ളങ്ങളും പെഡൽ ബോട്ടുകളുമുണ്ട്. ഫോട്ടോഷൂട്ട്, നാടൻ വിഭവങ്ങൾ എന്നിവയൊക്കെ പ്രാദേശിക ആഘോഷ കമ്മിറ്റി ഒരുക്കാറുണ്ട്.
വീഡിയോ ആൽബങ്ങളുടെയും റീൽസുകളുടെയും കാലമാണിത്. ‘അല്ലിയാമ്പൽ കടവില ന്നരയ്ക്കു വെള്ളം അന്നു – നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം.’ കൊല്ലാടും അമ്പാട്ടുകടവിലും പി. ഭാസ്കരന്റെ വരികൾ യേശുദാസിന്റെ ശബ്ദത്തിലൂടെ വീണ്ടും കാസറ്റിലൂടെ കേട്ടാൽ അത്ഭുതപ്പെടേണ്ട ഇപ്പോഴത്തെ സമൂഹമാധ്യമ ട്രെൻഡായ റീൽസ് ചിത്രീകരണമാണെന്നു കരുതിയാൽ മതി. പാട്ടിൽ ഭാസ്കരൻ മാഷ് പെണ്ണിൻ്റെ കവിളിൽ താമരക്കാടാണ് കാണുന്നതെങ്കിലും തണ്ടൊടിഞ്ഞ പൂവുമായി എത്തുന്ന റിയൽസുകാർ ആമ്പൽക്കാടാണ് കാണുന്നതെന്നുമാത്രം.
ഓസ്ട്രേലിയയിൽ നിന്നുൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവു൦ ഇവിടേയ്ക്കെത്തിച്ചേരുന്നത്. സ്വദേശികളു൦ വിദേശികളുമായിട്ടുള്ള നിരവധി ആളുകൾ ഓണാഘോഷത്തിനും മറ്റു വിനോദസഞ്ചാരങ്ങൾക്കുമായി ഓരോ വർഷവും ഇവിടങ്ങളിലേക്ക് എത്തിച്ചേരുന്നു. അവരൊക്കേയു൦ കണ്ണു൦ കരളു൦ കുളിർന്ന നവ്യാനുഭവത്തോടെയാണ് മടങ്ങുന്നതും.