മെൽബൺ: വിക്ടോറിയ പാർലമെന്റ്റിലെ ഉപരി സഭയായ സെനറ്റിൽ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. 120 വർഷത്തിലേറെയായി അനുവർത്തിച്ചുപോരുന്ന സമ്പ്രദായം നിർത്തലാക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിച്ചതായുള്ള വാർത്തകൾ മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോലി സ്വാഗതം ചെയ്തു.
പ്രാർത്ഥന നിലനിർത്തണമെന്ന് ആവശ്യപ്പെടുന്ന, 11,000-ലധികം ഒപ്പുകൾ ശേഖരിച്ച നിവേദനം കഴിഞ്ഞ ദിവസം സെനറ്റിൽ ചർച്ച ചെയ്‌തിരുന്നു. ലിബറൽ എംപി ഇവാൻ മൾഹോളണ്ടാണ് നിവേദനം തയാറാക്കിയത്.
പാർലമെന്റിൽ നിന്ന് പ്രാർത്ഥന ഒഴിവാക്കാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്ന് അറ്റോർണി ജനറൽ ജാക്സിൻ സൈംസ് സെനറ്റിൽ വ്യക്തമാക്കി. അതേസമയം, സെനറ്റ് സമ്മേളനത്തിന്റെ ആരംഭം നവീകരിക്കാനുള്ള ചില ചെറിയ സംഭാഷണങ്ങൾ സർക്കാർ ആരംഭിച്ചതായി അവർ സമ്മതിച്ചു.
പാർലമെന്റിൽ ദിവസവും സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന ചൊല്ലുന്ന പതിവ് നിലനിർത്താൻ തീരുമാനിച്ച വാർത്തകൾ സന്തോഷകരമാണെന്ന് ആർച്ച് ബിഷപ്പ് കൊമെൻസോലി പ്രസ്‌താവനയിൽ പറഞ്ഞു. ഇത് വിശ്വാസികൾക്ക് ലഭിക്കുന്ന മഹത്തായ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പ്രാർത്ഥനയോടെ സമ്മേളനം ആരംഭിക്കുന്ന പതിവ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തമായിരുന്നു. ഓസ്ട്രേലിയയിൽ ഏറ്റവുമധികം കത്തോലിക്കാ വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന സംസ്ഥാനമാണ് വിക്ടോറിയ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആശങ്കാകുലരായിരുന്ന വിശ്വാസിസമൂഹത്തിനാണ് പുതിയ തീരുമാനം ആശ്വാസമായിരിക്കുന്നത്.
വിക്ടോറിയൻ സംസ്ഥാനത്തെ ഗ്രീൻസ് പാർട്ടിയാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പതിവിനെതിരെ രംഗത്തെത്തിയത്. നിരീശ്വരവാദിയും മുൻ പാർലമെൻറ് അംഗവുമായ ഫിയോണ പാറ്റനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയോടെ പാർലമെൻ്റിൻ്റെ അനുദിന സമ്മേളനം ആരംഭിക്കുന്ന പതിവ് 1918ലാണ് ആരംഭിക്കുന്നത്. നിലവിൽ ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാന സഭകളും സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയോടെയാണ് സഭാസമ്മേളനം ആരംഭിക്കാവുള്ളതും. വിക്ടോറിയിലേതിന് സമാനമായ നീക്കം കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ ഫെഡറൽ പാർലമെന്റിലും നടന്നെങ്കിലും അത് പരാജയപ്പെട്ട സാഹചര്യം വിശ്വാസിസമൂഹത്തിന് കരുത്തുപകരുന്നുണ്ട്.






























