കാൻബറ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചതോടെ ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിർദ്ദേശം പുതുക്കി. രാജ്യത്ത് ആക്രമണ സാധ്യത വർദ്ധിച്ചതായി പ്രധാനമന്ത്രി ആൻ്റണി ആൽബനീസി വ്യക്തമാക്കി. ഗാസാ വിഷയം ഉൾപ്പെടെ രാഷ്ട്രിയവും ആശയപരവുമായ തീവ്രവാദ നിലപാടുകളുടെ വർധനയാണ് തോത് ഉയർത്താൻ കാരണം.
ഓസ്ട്രേലിയയുടെ സുരക്ഷാ അന്തരീക്ഷം കൂടുതൽ അസ്ഥിരവും പ്രവചനാതീതവുമായി മാറിയതായി ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് പറഞ്ഞു.
“കൂടുതൽ ഓസ്ട്രേലിയക്കാർ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. അവരുടെ ലക്ഷ്യം നേടാൻ ആക്രമണങ്ങൾക്ക് തയാറാകുന്നു. ചാരവൃത്തിയും വിദേശ ഇടപെടലുകളും തീവ്രവാദ പ്രേരിതമായ ആക്രമണങ്ങളുമാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രധാന സുരക്ഷാ പ്രശ്നങ്ങളായി ഞങ്ങൾ കാണുന്നത്, മൈക്ക് ബർഗെസ് പറഞ്ഞു.
ഗാസയിലെ സംഘർഷം മാത്രമല്ല ജാഗ്രതാ നിർദേശം വർധിപ്പിക്കാൻ കാരണം. അതൊരു പ്രധാനപ്പെട്ട കാരണമായിരുന്നു. എന്നെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രവർത്തനത്തേക്കാളുപരി വിവിധ തീവ്രവാദ ആശയങ്ങളുടെ വർധനയാണ് ആക്രമണ സാധ്യതയുടെ തോത് ഉയർത്താൻ കാരണം. അതേ സമയം ഭീഷണിയുടെ തോത് വർധിപ്പിച്ചതിന് അർത്ഥം ഉടൻ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യഹൂദ വിരുദ്ധതയുടെ കേസുകൾ വർദ്ധിച്ചിട്ടുണ്ട്. അതിനേക്കാളുപരി കഴിഞ്ഞ നാല് മാസത്തിനുള്ളിൽ തീവ്രവാദം ആരോപിക്കപ്പെടുന്ന എട്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സിഡ്നിയിലെ ഷോപ്പിങ് മാളിലും ക്രിസ്ത്യൻ പള്ളിയിലും പെർത്ത് നഗരമധ്യത്തിലും ഉണ്ടായ കത്തി ആക്രമണങ്ങൾ ഉൾപ്പെടെ അടുത്തിടെ പൊതുജനങ്ങളുടെ സ്വരക്ഷയ്ക്കു ഭീഷണിയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്കു മുതിരുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച തീവ്രവാദ ആശയങ്ങളുടെ വളർച്ചയ്ക്ക് വളമിടുന്നു.
ഓസ്ട്രേലിയക്കാർ തീവ്രവാദ ഭീഷണികൾക്കെതിരെ ജാഗ്രതാ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ആവശ്യപ്പെട്ടു
‘നാം ഒരു അപകടകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാനും ഗാസയിലെ സംഘർഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ സമാധാനപരമായി ചർച്ച ചെയ്യാനും ഓസ്ട്രേലിയക്കാർക്ക് കഴിയണമെന്ന് അൽബനീസി പറഞ്ഞു.
ആളുകൾ പ്രത്യേക വീക്ഷണങ്ങളുമായി പൊരുത്തപ്പെടണമെന്ന് ആരും നിർബന്ധിക്കുന്നില്ല. എന്നാൽ ആളകൾ അതു പ്രകടിപ്പിക്കുന്ന രീതി പ്രധാനമാണ് – പീറ്റർ ഡട്ടൺ പറഞ്ഞു.






























