ഓസ്ട്രേലിയ : വിവാഹിതരായ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മിസിസ്സ് ഇന്ത്യ മത്സരത്തിൽ ‘മിസിസ്സ് ഇന്ത്യ ക്വീൻ ഓഫ് സബ്‌സ്റ്റൻസ്’ എന്ന കിരീട നേട്ടത്തിന് പുറമെ ‘ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം’, ‘മിസിസ്സ് കമ്പാഷനേറ്റ്’ എന്നീ ബഹുമതികളും പാര്‍വതി കരസ്ഥമാക്കി. മല്‍വിന്‍ നൊറോണയുടെ ഡിസൈനില്‍ ആയിരുന്നു പാർവതി അണിഞ്ഞൊരുങ്ങിയത്.
ഓസ്ട്രേലിയയിലെ ഇല്ലവാര ഷൊല്ഹാവൻ ലൊക്കൽ ഹെൽത്ത് ഡിസ്‌ട്രിക്ട് (Illawarra Shoalhaven Local Health District), ക്ലിനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്യുകയാണ് പാർവതി. തന്റെ പ്രൊഫഷണൽ കരിയറിന് പുറമെ, ശാസ്ത്രീയ കലകളിലും കഴിവുതെളിയിച്ച പാർവതി ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പ്രൊഫഷണൽ നർത്തകി കൂടിയാണ്. അതോടൊപ്പം, നിലവിൽ ഓസ്‌ട്രേലിയയിലെ നൗറയില്‍ (Nowra) ഒരു നൃത്ത വിദ്യാലയം നടത്തിവരുന്നു. ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരു പ്രൊഫഷണൽ ടെന്നിസ് താരവും കൂടിയായ പാർവതി, ഫോട്ടോഗ്രഫി, മോഡലിംഗ്, അഭിനയം എന്നിവ തന്റെ പാഷനായി കാണുന്നു.
94 കിലോ ശരീരഭാരം ഉണ്ടായിരുന്ന പാര്‍വതി തന്റെ മകന്റെ ജനനത്തിനു ശേഷം 53 കിലോയിലേക്ക് ശരീരഭാരം മാറ്റിയെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിനീത്, 7 വയസുള്ള മകൻ വിഹാൻ എന്നിവരോടൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കടുത്തുള്ള നൗറയിലാണ് പാർവതി താമസിക്കുന്നത്. നെടുമങ്ങാട് പ്രവർത്തിച്ചു വരുന്ന ശിവരാം ഇലക്ട്രിക്കൽസിന്റെ ഉടമകളായ രവീന്ദ്രൻ ഗോപിനാഥൻ നായർ – ശോഭനകുമാരി രവീന്ദ്രൻ ദമ്പതികളുടെ മകളാണ് പാർവതി. അനിയൻ പ്രവീൺ ജർമ്മനിയിൽ സ്ഥിരതാമസക്കാരനാണ്.






























