സിഡ്നി: ഓസ്ട്രേലിയയിൽ ‘മരണത്തിൻ്റെ മാലാഖ എന്നറിയപ്പെടുന്ന കുപ്രസിദ്ധ അധോലോക ക്രിമിനൽ താരേഖ് അയൂബ് വെടിയേറ്റ് മരിച്ചു. അധോലോക സംഘങ്ങളുടെ പകപോക്കലിൻറെ ഭാഗമായുണ്ടായ വെടിവയ്പ്പിലാണ് 29 വയസുകാരനായ താരേഖ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ സിഡ്‌നിയിലെ പാരമറ്റയിൽ ഹരോൾഡ് സ്ട്രീറ്റിലുള്ള ഒരു അപ്പാർട്ട്‌മെൻ്റിന് പുറത്ത് വച്ച് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്. നഗരത്തിൽ ആറ് മാസത്തിനിടെ ഇതാദ്യമായാണ് ക്രിമിനൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പ്പുണ്ടാകുന്നതും അതിൽ ഒരാൾ കൊല്ലപ്പെടുന്നതും.നിരവധി സംഘടിത കുറ്റകൃത്യ ശ്യംഖലകളുമായി ബന്ധമുള്ള താരേഖിനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അധോലോകത്തിൽ താരഖ് ‘മരണത്തിൻ്റെ മാലാഖ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് ഡിറ്റക്ടീവ് സുപ്രണ്ട് ഡാനി ഡോഹെർട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാളെടുത്തവൻ വാളാൽ മരിച്ചു എന്നാണ് ഡാനി ഡോഹെർട്ടി ഈ മരണത്തെ വിശേഷിപ്പിച്ചത്. താരഖ് കൊലചെയ്യപ്പെട്ട രീതിയിൽ പൊലീസിന് അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമറ്റയിൽ തന്റെ സംഘാംഗത്തെ സന്ദർശിക്കാനാണ് താരേഖ് സംഭവ സ്ഥലത്തെത്തിയത്. കാർ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. ഒന്നിലധികം അക്രമികൾ ചേർന്ന് അയൂബിന് നേരെ നിരവധി തവണ വെടിയുതിർത്തു. പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് എത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർച്ചയായ വെടിയൊച്ചകൾ കേട്ടാണ് സമീപവാസിക്കൽ ഉണർന്നത്. പലരും വീടിനു പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഈ സംഭവത്തിന് 15 മിനിറ്റിനുശേഷം പുലർച്ചെ 3:45 ന്, വെടിവയ്പ്പുണ്ടായ സ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റർ മാറി ഗ്രാൻവില്ലിലെ അബെക്കറ്റ് സ്ട്രീറ്റിൽ ഒരു കാറിന് തീപിടിച്ചതായും പൊലീസിന് വിവരം ലഭിച്ചു. മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഓഡി എസ്‌ക്യൂ കാറിനാണ് തീപിടിച്ചത്. ഈ വാഹനത്തിൽ രണ്ട് പേർ സ്ഥലം വിടുന്നത് കണ്ടതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും ബന്ധമുള്ളതായാണ് പൊലീസ് ഡിറ്റക്‌ടീവുകളുടെ അനുമാനം.
ഒന്നിലധികം ക്രിമിനൽ ശൃംഖലകളുമായി അയൂബിന് ബന്ധമുണ്ടെന്നും സിഡ്‌നിയിൽ നടന്ന നിരവധി കുറ്റകൃത്യങ്ങളിൽ അയൂബിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞതു. 2017 ൽ കൗമാരക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അയൂബിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
നഗരത്തിൽ ഇത്തരം സംഘർഷങ്ങൾ ഇല്ലാതാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലുണ്ടാകുന്ന വെടിവയ്പ്പുകൾ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.






























