ജോലിസമയം കഴിഞ്ഞ് വരുന്ന മേലുദ്യോഗസ്ഥരുടെ ഫോണ്‍കോളും മെസേജും അവഗണിക്കാന്‍ പൗരന്മാര്ക്ക് അവകാശം നല്കുന്ന നിയമം നടപ്പാക്കി ഓസ്ട്രേലിയ.
റൈറ്റ് ടു ഡിസ്കണക്ട് (Right to Disconnect) എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്താനും പുതിയ നിയമം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിയമത്തെപ്പറ്റി കൂടുതല്‍ പരിശോധിക്കാം.
എന്താണ് റൈറ്റ് ടു ഡിസ്കണക്ട് നിയമം?
മണിക്കൂറുകള്‍ നീണ്ട ജോലി സമയം കഴിഞ്ഞ് വരുന്ന മേലുദ്യോഗസ്ഥന്റെ ജോലി സംബന്ധമായ കോളുകളും, മെസേജുകളും, ഇമെയില്‍ സന്ദേശങ്ങളും അവഗണിക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം നല്കുന്ന നിയമമാണിത്. കോവിഡ് വ്യാപന കാലത്ത് ജോലിയും വ്യക്തിജീവിതവും തമ്മില്‍ അതിരുകളുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ജീവനക്കാരുടെ വ്യക്തി ജീവിതത്തിലേക്കുള്ള ജോലിയുടെ കടന്നുകയറ്റം തടയാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
ഈ നിയമപ്രകാരം ജോലിസമയം കഴിഞ്ഞ് ലഭിച്ച സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്കമ്ബനിയ്ക്ക് തൊഴിലാളിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യത്തെ രാജ്യമല്ല ഓസ്ട്രേലിയ. യൂറോപ്പിലേയും ലാറ്റിന്‍ അമേരിക്കയിലേയും നിരവധി രാജ്യങ്ങള്‍ സമാനമായ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. റൈറ്റ് ടു ഡിസ്കണക്ട് നിയമം പാസാക്കിയ രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. 2017ലാണ് ഫ്രാന്‍സില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നത്.
ഇളവുകള്‍
ജോലി സമയം കഴിഞ്ഞുള്ള മേലുദ്യോഗസ്ഥന്റെയോ കമ്ബനിയുടെയോ സന്ദേശങ്ങള്‍ക്ക് ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും ചില ഇളവുകളും നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ജോലി സമയം കഴിഞ്ഞാലും ചില അടിയന്തര സാഹചര്യങ്ങളില്‍ തൊഴില്‍ദാതാക്കള്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെടാന്‍ ഈ നിയമം അനുമതി നല്‍കുന്നുണ്ട്.
ഫെയര്‍ വര്‍ക്ക് കമ്മീഷന് (fair work commission) ആകും ഈ നിയമം സംബന്ധിച്ചുള്ള നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക. നിയമം ലംഘിക്കുന്ന കമ്ബനികള്‍ക്ക് നിശ്ചിത തുക പിഴയടയ്ക്കേണ്ടി വരും. അതേസമയം പുതിയ നിയമനിര്‍മാണത്തില്‍ പ്രതികരിച്ച് നിരവധി ജീവനക്കാരും തൊഴില്‍ദാതാക്കളും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. നിയമത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. എന്നാല്‍ ചില ആശങ്കകളും എതിര്‍പ്പും അറിയിച്ച് തൊഴില്‍ദാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.






























