പെർത്ത് റോയൽ ഷോ ടെലിത്തോൺ ഫണ്ട്റൈസറിൽ കെൽപ്പി ഇനത്തിൽ പെട്ട നായ്ക്കുട്ടി 50,000 ഡോളറിൻ്റെ റെക്കോർഡ് തുക കരസ്ഥമാക്കി .സെപ്റ്റംബർ 27 വെള്ളിയാഴ്ച പെർത്ത് റോയൽ ഷോയിൽ ടെലിത്തണിനായുള്ള ചാരിറ്റി പരിപാടിയുടെ ഭാഗമായി ലേലം ചെയ്ത നാല് കെൽപ്പികളിലൊന്നായ ബ്രൂട്ടസിനാണ് ഇത്രയും തുക ലഭിച്ചത് .പെർത്തിൽ നിന്ന് 140 കിലോമീറ്റർ തെക്ക് ഹാർവിയിൽ താമസിക്കുന്ന എട്ട് വയസ്സുള്ള രക്താർബുദത്തെ അതിജീവിച്ച എമിലി ഹൂസ്റ്റൺ എന്ന പെൺകുട്ടിക്കാണ് കെൽപിയെ ചാരിറ്റിയിലൂടെ ലഭിച്ചത്. ഇതിനായി ഒരു പ്രമുഖ കമ്പനി $50,000 ചെലവഴിച്ചു.
ബ്രൂട്ടസിനെ ലേലം വിളിക്കുന്ന ഷോയിൽ ഒരു മൈനിംഗ് കമ്പനിയുടെ പ്രതിനിധിയ്‌ക്കൊപ്പം എമിലിയും ഉണ്ടായിരുന്നു.എന്നാൽ നായയെ തനിക്ക് സമ്മാനമായി നൽകുന്നുവെന്നറിഞ്ഞപ്പോൾ ശരിക്കും സന്തോഷമായതായി എമിലി വ്യക്തമാക്കി .
2021 ൽ എമിലിക്ക് നാല് വയസ്സുള്ളപ്പോഴാണ് രക്താർബുദം കണ്ടെത്തിയത് .എമിലിയുടെ ചികിത്സയ്ക്ക് വേണ്ടി കുടുംബം പെർത്തിലേക്ക് താമസം മാറുകയായിരുന്നു.ചാരിറ്റി അവളെ 2023 ൽ ടെലിത്തോൺ താരമായി തിരഞ്ഞെടുത്തപ്പോഴാണ് ബ്രൂട്ടസിനെ പരിചയപ്പെടുന്നത്.ബ്രൂട്ടസിനെ എമിലിയോടൊപ്പം ഹാർവിയിൽ നിലനിർത്താൻ കുടുംബം ധനസമാഹരണം നടത്താൻ ശ്രമിച്ചതായി എമിലിയുടെ അമ്മ ആൻഡ്രിയ പറഞ്ഞു.ഷോയിൽ ബ്രൂട്ടസിൻ്റെ ലേലം ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും അവർ വ്യക്തമാക്കി .ഒടുവിൽ നായ്ക്കുട്ടിയെ തന്റെ മകൾക്കു ലഭിച്ചപ്പോൾ വളരെയധികം സന്തോഷമായതായും അവർ കൂട്ടിച്ചേർത്തു .മിൻസ്, മുട്ട, ബീഫ് ജെർക്കി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഡോഗി കേക്ക് ഉപയോഗിച്ച് ബ്രൂട്ടസിന് ഒരു സ്വാഗത പാർട്ടി നടത്തുക എന്നതാണ് താൻ ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എമിലി പറഞ്ഞു.
വൈദ്യചികിത്സ ലഭ്യമാക്കുമ്പോൾ പ്രാദേശിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുകയാണ് കെൽപീസ് ഫോർ കിഡ്‌സ് പ്രോഗ്രാം ചെയ്യുന്നത് .ഇതിനു വേണ്ടി ജോലി ചെയ്യുന്ന ഓരോ നായയെയും വളർത്തി, പരിശീലിപ്പിച്ച ശേഷം ടെലിത്തണിനായി പണം സ്വരൂപിക്കാൻ ലേലം ചെയ്യുന്നു.സൗത്ത് വെസ്റ്റ് റണ്ണീമീഡ് ഫാം ഉടമ ബ്ലൈത്ത് കാൽനനാണ് ബ്രൂട്ടസിനെ പരിശീലിപ്പിച്ചത് , “ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ജോലിയുള്ള നായ” എന്നാണ് അവർ ബ്രൂട്ടസിനെ വിളിക്കുന്നത് .ബ്രൂട്ടസിൻ്റെ പ്രൈസ് ടാഗിൻ്റെ പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമങ്ങൾ താൻ ആരംഭിച്ചിട്ടുണ്ടെന്നും അത് ഒരു റെക്കോർഡാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി .ഏറ്റവും വിലയേറിയ കാപ്രി [കെൽപി] ഓസ്‌ട്രേലിയയിൽ $49,000-ന് വിറ്റതായും , ലോകത്തിലെ ഏറ്റവും വിലകൂടിയ കോളി ഏകദേശം $40,000-ന് വിറ്റുവെന്നും കാൽനാൻ പറഞ്ഞു.”എന്നാൽ യഥാർത്ഥത്തിൽ റെക്കോർഡുകളെക്കുറിച്ചോ അന്തസ്സിനെക്കുറിച്ചോ അല്ല ഞങ്ങൾ ചിന്തിക്കുന്നതെന്നും ടെലിത്തണിനായി 70,000 ഡോളർ സമാഹരിക്കാൻ കഴിഞ്ഞു എന്നത് വളരെ അവിശ്വസനീയമാണെന്നും അവർ കൂട്ടിച്ചേർത്തു .






























