കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ പശുക്കൾക്ക് സംരക്ഷണം നൽകുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. വിശ്വാസത്തെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഭയപ്പെടേണ്ടെന്നും സംസ്ഥാനത്തെ കാറ്റ് മാറിയെന്നും സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“യാതൊരു മടിയും കൂടാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഹനുമാൻ ചാലിസ വിതരണം ചെയ്യുക. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക. ഒന്നിനെയും ഭയപ്പെടാനില്ല. കാറ്റ് മാറി”- സുവേന്ദു അധികാരി പറഞ്ഞു.
ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. സന്യാസികളെ അപമാനിക്കുന്നവരെ സർക്കാർ ജയിലടയ്ക്കും. പുരോഹിതർക്കും മതനേതാക്കൾക്കും അവരുടെ വിശ്വാസങ്ങൾ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും ബാഗേശ്വർ ബാബയുടെ ബംഗാൾ സന്ദർശനം പരാമർശിച്ച് സുവേന്ദു അധികാരി പറഞ്ഞു. ബാഗേശ്വർ ബാബയുടെ ചിത്രവും കോലവും കത്തിച്ചവർക്കെതിരെ തൻ്റെ സർക്കാർ നടപടിയെടുത്ത കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സന്യാസികളെയും പുരോഹിതരെയും അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് താൻ മുന്നേ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ‘തുക്കഡെ തുക്കഡെ ഗ്യാങ്ങി’നെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം. ഒരുകാര്യത്തിലും ഭയപ്പെടേണ്ട. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആസാദി (സ്വാതന്ത്ര്യം) പരാമർശത്തെ സുവേന്ദു അധികാരി പരിഹസിച്ചു. ഇന്ത്യയ്ക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചതാണെന്ന് പറഞ്ഞ സുവേന്ദു അധികാരി, ഇത്തരം പ്രസ്താവനകൾ അവർ നടത്തുകയാണെങ്കിൽ രാജ്യസ്നേഹികൾ അവരെ പാഠം പഠിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.






























