കാൻബറ: ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച സെനറ്റർ ഫാത്തിമ പേമാൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി റിപ്പോർട്ട്, ‘ദി ഓസ്ട്രേലിയൻ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാൻ നവംബറിന് മുമ്പായി പുതിയ പാർട്ടി ആരംഭിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയിലെ ആദ്യ ഹിജാബ് ധാരിയായ സെനറ്റർ എന്ന നിലയിൽ പ്രശസ്തയായ ഫാത്തിമ പേമാൻ പാലസ്‌തീൻ വിഷയത്തിൽ പാർട്ടിയുമായി ഇടഞ്ഞ് അടുത്തിടെ രാജിവച്ചിരുന്നു.
പടിഞ്ഞാറൻ ഓസ്ട്രേലിയയ്ക്കു പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനും അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മിക്ക സംസ്ഥാനങ്ങളിലും സെനറ്റിലേക്കു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുമാണ് അണിയറയിൽ നീക്കങ്ങൾ നടക്കുന്നത്. പ്രധാനപ്പെട്ട സീറ്റുകളിൽ ലോവർ ഹൗസിലേക്ക് സ്ഥാനാർത്ഥികളെ നിർത്താനും ആലോചനയുണ്ട്.
ഭരണകക്ഷിയായ ലേബർ പാർട്ടി നിലപാടിന് വിരുദ്ധമായി പാലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്‌തതിന് പിന്നാലെ ഇവരെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്‌തിരുന്നു. അഫ്ഗാൻ വംശജയായ ഫാത്തിമയുടെ നിലപാട് വലിയ വിവാദമായതോടെ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് ലേബർ പാർട്ടിയുടെ പിന്തുണയോടെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ പ്രേമാന് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. തൻ്റെ പാർട്ടി മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്നാണ് ഫാത്തിമ പേമാൻ്റെ അവകാശവാദം.
ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടിൻ്റെ പേരിൽ ലേബർ പാർട്ടിക്ക് മുസ്ലിം സമൂഹങ്ങൾക്കിടയിൽ വലിയ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഫാത്തിമയുടെ ലക്ഷ്യം .






























