പെർത്ത് : എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്താനുള്ള ലളിതവും എന്നാൽ ശക്തവുമായ ദൗത്യവുമായി ഒക്ടോബറിൽ ഓസ്ട്രേലിയയിലെ പെർത്ത്, സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയാണ് അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെയും,ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൻ വാല്യൂസിൻ്റെയും (IAHV) സ്ഥാപകനാണ് ഗുരുജി .ആഗോളതലത്തിൽ അദ്ദേഹത്തോടൊപ്പം സംസാരിക്കാനും ധ്യാനിക്കാനും ആയിരങ്ങളാണ് ഒത്തുകൂടുന്നത്.
ഒക്ടോബർ 16,17 തീയതികളിൽ പെർത്ത് സന്ദർശിച്ച ഗുരുജി, ഓസ്ട്രേലിയയിൽ എന്തുകൊണ്ട് സ്നേഹക്കടകൾ ഇല്ല എന്ന് ചോദിച്ചു. ജിംനേഷ്യം, ഹോസ്പിറ്റൽ, ബ്യൂട്ടിപാർലർ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ നമുക്കുണ്ടെങ്കിലും സന്തോഷത്തിനു വേണ്ടി നാം ഇതുപോലെ ഷോപ്പുകൾ നിർമിക്കാറുണ്ടോ എന്ന് അദ്ദേഹം ആവർത്തിച്ചു . മെഡിറ്റേഷനെ കുറിച്ച് ഒരു മണിക്കൂറിൽ കൂടുതൽ സംസാരിച്ച അദ്ദേഹം ഇന്നത്തെ യുവതലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും കുടുംബ ബന്ധങ്ങളോട് അവർക്കുള്ള സമീപനത്തെക്കുറിച്ചും വാചാലനായി.
ആത്മീയതയുടെ കൊടുമുടികൾ താണ്ടി ഉത്തുംഗ പർവത്തിൽ നിൽക്കുന്ന ഗുരുജിയുടെ മുന്നോട്ടുള്ള ദൗത്യത്തെ കുറിച്ചും, ലോക ജനതയുടെ നന്മയ്ക്ക് നമുക്ക് എന്തൊക്കെ ചെയ്യുവാൻ സാധിക്കുമെന്നും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും കേരള ന്യൂസ് റിപ്പോർട്ടർ ശ്രീ. ബിനോയ് പോളുമായി സംസാരിച്ചതിന്റെ പൂർണ്ണരൂപം കേരള ന്യൂസിന്റെ നവംബർ മാസത്തെ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണെന്ന് കേരള ന്യൂസ് പ്രതിനിധി അറിയിച്ചു.
പെർത്തിലെ സന്ദർശനം അവസാനിപ്പിച്ച് ശനിയാഴ്ച മെൽബണിൽ എത്തുന്ന അദ്ദേഹം തന്റെ ആഗമനോദ്ദേശം നിർവഹിച്ച് അദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ പര്യടനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിക്കും.
തൻ്റെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഗുരുദേവൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സമ്മർദ്ദരഹിതവും അക്രമരഹിതവുമായ ഒരു ലോകത്തിൻ്റെ കാഴ്ചപ്പാടിലൂടെ ശാക്തീകരിക്കുകയാണ് .
സമകാലിക ധ്യാനത്തിലും ദൈനംദിന ജീവിതത്തിൽ സുസ്ഥിരമായ സന്തോഷവും സമാധാനവും വളർത്തുന്ന തെളിവുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്നതിലും അദ്ദേഹം ഒരു പ്രമുഖ വ്യക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.






























