ഹൊബാർട്ട്: ഓസ്ട്രേലിയയിലെ ടാസ്‌മാനിയ സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം നടക്കാനിരിക്കുന്ന പൈശാചിക ആഘോഷമായ ഡാർക്ക് മോഫോ ഫെസ്റ്റിവലിനെതിരെ വീണ്ടും ആശങ്കയുമായി വിശ്വാസികൾ. തിന്മയെ ആഘോഷിക്കുന്ന ഉത്സവത്തിൽ തലതിരിച്ച കുരിശ് രൂപം ഉൾപ്പെടെയുള്ള സാത്താനിക ബിംബങ്ങൾ പരസ്യമായി പ്രകടിക്കുകയും സാംസ്‌കാരിക മൂല്യങ്ങളെ വെല്ലുവിളിച്ചുള്ള വിചിത്രമായ കലാപരിപാടികളും ഉൾപ്പെടുന്നു. അടുത്ത വർഷം ജൂൺ അഞ്ച് മുതൽ 15 വരെയാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ടിക്കറ്റ് വിൽപനയും ഉടനെ ആരംഭിക്കും.
ടാസ്മാനിയ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ ഹൊബാർട്ടിൽ നടക്കുന്ന ശൈത്യകാല ആഘോഷമാണ് ഡാർക്ക് മോഫോ. വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്ത് നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
രണ്ടാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പൈശാചികത നിറഞ്ഞ വൈദ്യുതി അലങ്കാരങ്ങൾ, തിന്മയെ ആഘോഷിക്കുന്ന സംഗീത പരിപാടികൾ, സാത്താനിക ബിംബങ്ങളെ അവതരിപ്പിക്കുന്ന ലൈറ്റ് ഇൻസ്റ്റലേഷനുകൾ, രാത്രി ആരാധന തുടങ്ങിയവ ഉൾപ്പെടുന്നു. ഇതുകൂടാതെ ഡെർവെന്റ് നദിയിൽ ആൺ പെൺ വ്യത്യാസമില്ലാതെ പൂർണ നഗ്‌നരായി നടത്തുന്ന നീന്തലും ഈ ആഘോഷത്തിൻ്റെ ഭാഗമാണ്.
2023-ൽ നടന്ന ഈ ആഘോഷത്തിനെതിരേ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിന്മയുടെ ശക്തികളെ ആഘോഷിക്കാനും സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ആശയങ്ങൾക്ക് പ്രചാരം നൽകാനുമുള്ള സംഘാടകരുടെ നിഗൂഡമായ അജണ്ടയാണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നതെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി മുന്നറിയിപ്പ് നൽകുന്നു. ടാസ്മാനിയ സംസ്ഥാന സർക്കാരും പൈശാചികമായ ഈ ആഘോഷത്തിന് പൂർണ പിന്തുണ നൽകുന്നതാണ് മതവിശാസികൾ അടക്കമുള്ള സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
പരിപാടിയോട് അനുബന്ധിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭം ലക്ഷ്യമിടുന്ന സർക്കാർ, സമൂഹത്തെ അരാജകത്വത്തിലേക്കു തള്ളിവിടുന്ന ആഘോഷ പരിപാടികൾക്കു നേരെ കണ്ണടയ്ക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഡാർക്ക് മോഫോ ബഹിഷ്കരിക്കാൻ ടാസ്‌മാനിയക്കാരോട് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡാർക്ക് മോഫോ പരിപാടിയുടെ പ്രചാരണാർത്ഥം ഹൊബാർട്ട് എയർപോർട്ടിൽ ‘വെൽകം ടു ഹെൽ (നരകത്തിലേക്ക് സ്വാഗതം) എന്ന ബോർഡ് സ്ഥാപിച്ചത് വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് ഈ ബോർഡ് നിക്കാൻ അധികൃതർ നിർബന്ധിതരായി. ഇതുകൂടാതെ ഹൊബാർട്ടിൻ്റെ പ്രശസ്‌തമായ വാട്ടർഫ്രണ്ട് പരിസരത്തിന് ചുറ്റും പ്രകാശമുള്ള കുരിശുകൾ തലകീഴായി സ്ഥാപിക്കുന്നതിനെതിരേ ക്രിസ്ത്യൻ പുരോഹിതന്മാരും രംഗത്തു വന്നിരുന്നു.
കഴിഞ്ഞ പത്തു വർഷമായി നടക്കുന്ന ഫെസ്റ്റിവലിലെ കലാപരിപാടികൾ അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോൽസാഹിപ്പിക്കുന്നതാണ്. 2017-ൽ നടന്ന ഡാർക്ക് മോഫോയിലെ ഒരു പരിപാടിയിൽ ബലി കർമം എന്ന പേരിൽ കാളയെ അറുക്കുന്നത് ഉൾപ്പെടുത്തിയിരുന്നു. ഇതോടെ മൃഗാവകാശ സംഘടനകളും ഫെസ്റ്റിവലിന് എതിരായി.അടുത്ത വർഷം നടക്കുന്ന പരിപാടിയുടെ പ്രചാരണം സംഘാടകർ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഇതിനെതിരേ ശക്തമായ പ്രതിരോധവുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് ക്രൈസ്‌തവ സംഘടനകൾ.






























