മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ സാമൂഹിക-സാംസ്‌കാരിക-തൊഴിൽ രംഗങ്ങളിൽ മെൽബൺ സെന്റ്
തോമസ് സിറോ മലബാർ രൂപതംഗങ്ങൾ നൽകുന്ന മികച്ച സംഭാവനകളെ ആദരിച്ച് സംസ്ഥാന സർക്കാർ. വിക്ടോറിയൻ കമ്മ്യൂണിറ്റി എക്‌സലൻസ് അവാർഡാണ് മെൽബൺ രൂപതയ്ക്ക് സമ്മാനിച്ചത്. തൊഴിൽ മേഖലയിലെ സേവന മനോഭാവത്തേത്തോടെയുള്ള പ്രവർത്തനങ്ങളും സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളും മുൻനിർത്തിയാണ് അവാർഡ് സമ്മാനിച്ചത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഊർജ, കാലാവസ്ഥാ മന്ത്രി ലില്ലി ഡി അംബ്രോസിയോ, ലെജിസ്ലേറ്റീവ് കൗൺസിലിലെ സർക്കാർ വിപ്പ് ലീ ടാർലാമിസ്, തോമസ്ടൗണിൻ്റെ ജനപ്രതിനിധി ബ്രോൺവിൻ ഹാഫ്‌പെന്നി എംപി എന്നിവരാണ് അവാർഡ് സമ്മാനിച്ചത്. ഇവാൻ മുള്ളോലാൻഡ് എംപിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തൊട്ടത്തിൽ, മെൽബൺ രൂപതാബിഷപ്പ് എമിരിറ്റസ് ബിഷപ് ബോസ്കോ പുത്തൂർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.






























