പെർത്ത് : WA യിലുടനീളമുള്ള ഇ-മാലിന്യ സംഭരണം, ശേഖരണം, പുനരുപയോഗം, സംസ്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ഗ്രാൻ്റുകൾ നൽകി കുക്ക് ലേബർ ഗവൺമെൻ്റ്. ഇ-വേസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ഗ്രാൻ്റ് പ്രോഗ്രാമിൻ്റെ രണ്ടാം റൗണ്ടിൻ്റെ ഭാഗമായി 5.4 മില്യൺ ഡോളറാണ് ഗവണ്മെന്റ് അനുവദിച്ചിരിക്കുന്നത് .ലാൻഡ്‌ഫില്ലിലേക്ക് പോകുന്ന ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ഇനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്ന ഈ പ്രോഗ്രാം ഇതിനു മുമ്പ് WA പ്രാദേശിക സർക്കാരുകൾക്കും ചെറുകിട ബിസിനസുകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർക്കും 4.5 മില്യൺ ഡോളർ ഗ്രാൻ്റായി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഇ- മാലിന്യ പുനരുപയോഗത്തിനായി ഏകദേശം 10 മില്യൺ ഡോളറാണ് ഗവൺമെൻ്റ് നിക്ഷേപിച്ചിരിക്കുന്നത്.ഇ-മാലിന്യത്തിൽ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള പ്ലഗ്, ബാറ്ററി, വയറുകൾ എന്നിവയുള്ള വസ്തുക്കളും ഡിഷ്വാഷർ, വാഷിംഗ് മെഷീനുകൾ, ഡ്രയർ എന്നിവ പോലുള്ള വീട്ടുപകരണങ്ങളും ഉൾപ്പെടുന്നു.
ഇത്തരത്തിൽ ഗ്രാൻഡ് ലഭിച്ച പ്രോജക്റ്റുകളിൽ ഒന്ന് മലയാളിക്ക് അഭിമാനം നൽകുന്നതാണ്. ഓസ്ട്രേലിയൻ മലയാളിയായ ശ്രീ. ഷിബു ജോൺ മാനേജിംഗ് ഡയറക്ടറായ സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd-നാണ് WA ഗവൺമെൻ്റിൻ്റെ ഇൻഫ്രാസ്ട്രക്ചർ ഗ്രാൻ്റ് പ്രോഗ്രാമിൽ നിന്ന് ഗണ്യമായ ഗ്രാൻ്റ് ലഭിച്ചിരിക്കുന്നത്.പ്രോജക്റ്റിൻ്റെ ഗുണനിലവാരം, നൂതനത്വം, സ്വാധീനം എന്നിവയിൽ സംതൃപ്തരായ മൂല്യനിർണ്ണയ പാനൽ പ്രസ്തുത കമ്പനിയുടെ അപേക്ഷ സ്വീകരിക്കുകയും അത് സമൂഹത്തിന് നൽകുന്ന മൂല്യവും നല്ല മാറ്റമുണ്ടാക്കാനുള്ള കമ്പനിയുടെ സമർപ്പണത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുകയും ചെയ്തതായും WA പരിസ്ഥിതി മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ശ്രീ. ഷിബു ജോൺ വ്യക്തമാക്കി . ഇതിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ വിലയിരുത്തലിൻ്റെ ഫലമായി, ഫണ്ടിംഗ് കരാറിനും വ്യവസ്ഥകൾക്കും വിധേയമായി പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി GST ഒഴികെ $999,817.00 ഗ്രാൻ്റ്,സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd ന് വാഗ്ദാനം ചെയ്തു.
കമ്പ്യൂട്ടർ, നെറ്റ്‌വർക്ക് സുരക്ഷാ വ്യവസായത്തിൽ പ്രവർത്തിച്ചതിൻ്റെ പരിചയ സമ്പത്തുള്ള സാങ്കേതിക ഡയറക്ടറായ ശ്രീ. ഷിബു ജോൺ നെഗോഷ്യേഷൻ, ബിസിനസ് പ്ലാനിംഗ്, ഓപ്പറേഷൻസ് മാനേജ്മെൻ്റ്, പ്രൊക്യുർമെൻ്റ്, ബിസിനസ് ഡെവലപ്മെൻ്റ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണ് .IT പ്രൊഫഷണലായ ഇദ്ദേഹം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നാണ് ഗ്രാജുവേഷൻ പൂർത്തിയാക്കിയത്.
2014 മുതൽ പ്രവർത്തിക്കുന്ന സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd ന് പെർത്ത്, അഡ്‌ലെയ്ഡ്, ഡാർവിൻ എന്നിവിടങ്ങളിൽ ഓഫിസ് ഉണ്ട്. ISO 14001, ISO 45001, AS5377 എന്നീ സർട്ടിഫിക്കേഷനുകൾ ഉള്ള കമ്പനിക്ക് റീസൈക്ലിംഗ് & ഡിസ്പോസൽ മേഖലയിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന അംഗീകൃത സേവന ദാതാവെന്ന സ്ഥാനമാണ് ഉള്ളത്. മാത്രമല്ല ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വളർച്ചയുള്ള കമ്പനികളിൽ ഒന്നാണ് സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd.
100% ഡാറ്റ സാനിറ്റൈസേഷൻ ഉറപ്പ് നൽകുന്ന കമ്പനി ഏറ്റവും പുതിയ അത്യാധുനിക ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുകളുമാണ് ഉപയോഗിക്കുന്നത് . മോണിറ്ററുകൾ, ഫോണുകൾ, കമ്പ്യൂട്ടറുകൾ, പിസികൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ, പ്രിൻ്ററുകൾ, ഫ്ലൂറോ ലൈറ്റുകൾ, സോളാർ പാനലുകൾ, ബാറ്ററികൾ, കേബിളുകൾ എന്നിവയുൾപ്പെടെയുള്ള ഇ-മാലിന്യങ്ങൾ തങ്ങൾ റീസൈക്കിൾ ചെയ്യുന്നതായി ശ്രീ. ഷിബു ജോൺ അറിയിച്ചു . കൂടാതെ ഇലക്ട്രോണിക് വേസ്റ്റ് റീസൈക്ലിംഗ്, ഐടി അസറ്റുകൾ ഡീകമ്മീഷൻ ചെയ്യൽ, ഐടി അസറ്റുകളുടെ ഓൺ-സൈറ്റ് വിന്യാസം, സുരക്ഷിതമായ ഡാറ്റ ഇല്ലാതാക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും നൽകുന്നുണ്ട് .ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്, ഓസ്‌ട്രേലിയൻ മുൻനിര ബാങ്കുകൾ, വെസ്‌ഫാർമേഴ്‌സ്, ഓസ്റ്റൽ ഷിപ്പിംഗ്, എച്ച്ബിഎഫ്, എപിഎം, ഡെക്‌സസ്, വെഴ്‌സർ തുടങ്ങിയ ഫെഡറൽ ഗവൺമെൻ്റ് ഏജൻസികൾക്ക് സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd സേവനങ്ങൾ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു .
ഗവണ്മെന്റിന്റെ ഗ്രാന്റിന് അർഹമായ സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd ന്റെ പ്രൊജക്റ്റ് ആശയം ഇ-മാലിന്യ പുനരുപയോഗത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനർനിർമ്മിക്കുക എന്നതാണ്. അതായത്
ഇ-മാലിന്യങ്ങളിൽ നിന്നും സോളാർ പാനൽ പുനരുപയോഗത്തിൽ നിന്നുമുള്ള ഭൂരിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗയോഗ്യമായ തരികൾ ആക്കി മാറ്റുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇഷ്ടികകൾ, ചെടിച്ചട്ടികൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ പോലുള്ള പുതിയ അന്തിമ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഈ തരികൾ, ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയ മിശ്രിതവുമായി ചേർത്ത് ഉപയോഗിക്കും.






























