ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിൽ സർക്കാർ ലാബിൽ സൂക്ഷിച്ചിരുന്ന മാരകമായ വൈറസുകൾ അടങ്ങിയ നൂറുകണക്കിന് കുപ്പികൾ കാണാതായി. ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഗുരുതരമായ ലംഘനമാണിതെന്ന് ക്വീൻസ് ലൻഡ് ആരോഗ്യമന്ത്രി ടിം നിക്കോൾസ് പറഞ്ഞു. ഞെട്ടിക്കുന്ന ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹെൻഡ്ര വൈറസ്, ലിസാവൈറസ്, ഹാന്റവൈറസ് എന്നിവയുൾപ്പെടെ ആക്‌ടീവായ മാരക വൈറസുകളുടെ 323 സാമ്പിളുകൾ 2021-ലാണ് കാണാതായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ക്വീൻസ്ലൻഡിലെ പബ്ലിക് ഹെൽത്ത് വൈറോളജി ലബോറട്ടറിയിൽ നിന്നാണ് സാമ്പിളുകൾ കാണാതായത്.
2023 ഓഗസ്റ്റിലാണ് ഈ ലംഘനം കണ്ടെത്തിയത്, കാണാതായ നൂറോളം കുപ്പികളിൽ ഹെൻഡ്ര വൈറസ് അടങ്ങിയിട്ടുണ്ട്, ഇത് മാരകമാണ്. രണ്ട് കുപ്പികളിൽ ഹാൻ്റവൈറസും 223 കുപ്പികളിൽ ലിസാവൈറസിന്റെ സാമ്പിളുകളും ഉണ്ടായിരുന്നു. 1990-കളുടെ മധ്യത്തിലാണ് ഹെൻഡ്ര വൈറസ് ആദ്യമായി കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ നിരവധി കുതിരകളെ ബാധിച്ച്, അവയുടെ മരണങ്ങൾക്ക് കാരണമായ ഈ വൈറസ് വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ പിടിപെട്ടിട്ടുള്ളൂ. എന്നാൽ രോഗബാധിതരിൽ വലിയൊരു വിഭാഗം മരിച്ചു.
‘ഹെൻഡ്ര വൈറസിന് മനുഷ്യരിൽ 57 ശതമാനം മരണനിരക്കുണ്ട്. രോഗബാധിതരിലും അവരുടെ കുടുംബങ്ങളിലും വൈറസ് പടരുന്ന പ്രദേശങ്ങളിലെ വെറ്റിനറി, കുതിര വ്യവസായങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട് – കോർനെൽ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് വെറ്ററിനറി മെഡിസിനിലെ പബ്ലിക് ആൻഡ് ഇക്കോസിസ്റ്റം ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ പ്രൊഫസർ റെയ്‌ന പ്ലോറൈറ്റ് പറഞ്ഞു.
ഹാന്റവൈറസിനെ എലികളാണ് വഹിക്കുന്നത്. ഇത് ഹാൻ്റവൈറസ് പൾമണറി സിൻഡ്രോമിന് (എച്ച്പിഎസ്) കാരണമാകും, അതിൻ്റെ മരണനിരക്ക് ഏകദേശം 38 ശതമാനമാണ്, അതേസമയം ലിസാവൈറസ് റാബിസിന് സമാനമാണ്, മാത്രമല്ല ഉയർന്ന മരണനിരക്കും ഉണ്ട്.
വൈറസുകൾ നശിപ്പിക്കപ്പെടുകയോ സുരക്ഷിതമായി നീക്കം ചെയ്യുകയോ ചെയ്‌തിട്ടുണ്ടോ എന്ന നിഗമനത്തിലെത്താൻ ലാബിന് കഴിഞ്ഞിട്ടില്ല, എന്നാൽ അവ ലബോറട്ടറിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി കരുതാൻ പറ്റിയ തെളിവുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
തീർച്ചയായും, ഇവ രഹസ്യമായി എടുത്തതാണ്, പക്ഷേ ഇത് ഏതെങ്കിലും വിധത്തിൽ ആയുധമാക്കിയതായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ക്വീൻസ്ലാൻഡിലെ പബ്ലിക് ഹെൽത്ത് വൈറോളജി ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന ഫ്രീസർ തകമാറിലായതിനെ തുടർന്ന് സാമ്പിളുകൾ കണക്കിൽപ്പെടാനെ പോയതായിരിക്കാമെന്ന സാധ്യതയും ലബോറട്ടറി അധികൃതർ മുന്നോട്ടുവച്ചു.
സാമ്പികളുകൾ സൂക്ഷിക്കുന്നതിലെ പിഴവ് ഗുരുതരമാണെങ്കിലും സമൂഹത്തിന് അപകടസാധ്യത കുറവാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ ജോൺ ജെറാർഡ് പറഞ്ഞു. ഈ വൈറസ് സാമ്പിളുകൾ ഫ്രീസറിന് പുറത്ത് വളരെ വേഗത്തിൽ നശിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ക്വീൻസ്ലൻഡിലെ ജനങ്ങളിൽ ഹെൻഡ്ര അല്ലെങ്കിൽ ലിസാരർവാസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, ഓസ്ട്രേലിയയിൽ ഇതുവരെ മനുഷ്യരിൽ ഹാൻ്റവൈറസ് അണുബാധയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























