പെർത്ത് : ഓസ്ട്രേലിയൻ മലയാളികൾക്ക് നൊമ്പരമായി മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
റോയൽ തോമസിൻ്റെയും ശ്രീമതി ഷീബ സ്റ്റീഫൻ്റെയും മകൻ ആഷിൻ റോയലാണ് (24) ഇന്നലെ രാത്രി കാനിംഗ്വെയിലിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് . ദുഷ്കരമായ സമയത്ത് തങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പ്രാർത്ഥനയും ദുഃഖിതരായ കുടുംബത്തോടൊപ്പമുണ്ടെന്ന് മലയാളി അസോസിയേഷൻ ഓഫ് പെർത്ത് ഭാരവാഹികൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഞായറാഴ്ച്ച രാത്രി പെർത്ത് സമയം 11.15നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൻ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിന്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം. ആഷിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിൻ സംഭവ ഥലത്ത് വച്ച് തന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമമായ ‘വെസ്റ്റ് ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു.
പാലാ തീക്കോയി സ്വദേശിയാണ് ആഷിൻ്റെ പിതാവ് റോയൽ. പനക്കക്കുഴി കുടുംബാംഗമാണ്. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് റോയൽ. ഐൻസ് റോയൽ ഏക സഹോദരനാണ്. ആഷിന്റെ മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിൽ എത്തിയപ്പോഴാണ് ദുരന്ത വാർത്ത തേടിയെത്തിയത്.
ഏതാനും വർഷം മുമ്പായിരുന്നു ആഷിൻ പെർത്തിലെ ഫ്ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം കുടുംബത്തെ ഉൾപ്പെടെ വിമാനത്തിൽ കയറ്റി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു.
അയർലൻഡിൽ ഡബ്ലിനിലായിരുന്നു റോയൽ തോമസും കുടുംബവും ആദ്യമുണ്ടായിരുന്നത്. അയർലൻഡിലെ 10 വർഷത്തോളം നീണ്ട ജീവിതത്തിനു ശേഷം 12 വർഷം മുമ്പാണിവർ ഓസ്ട്രേലിയയിൽ കുടിയേറിയത്. ഓസ്ട്രേലിയയിലെ പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ് ആഷിന്റെ കുടുംബം.
അയർലൻഡ്, ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ സുപരിചിതമായ കുടുംബം ആയിരുന്നു റോയൽ തോമസിന്റേത്. പെർത്തിലെ മലയാളികൾക്ക് വലിയ ഞെട്ടലായിരിക്കുകയാണ് ആഷിൻ്റെ മരണവാർത്ത.































