അച്ഛന്റെ നേതൃത്വ ത്തിൽ ഇന്നലെ ഉത്രാളിക്കാവ് പൂരത്തിലെ മേളപ്പെരുക്കം വിസ്മയം തീർക്കുമ്പോൾ 45 കിലോമീറ്റർ ഇപ്പുറത്ത് ഇന്റർ സോൺ കലോത്സവ വേദിയിൽ മകന്റെ നേതൃത്വത്തിലുള്ള ടീം ചെണ്ടമേളത്തിൽ കൊട്ടിക്കയറി ഒന്നാം സമ്മാനം നേടി. 70 കിലോമീറ്റർ അകലെ തൃശൂർ പെരുവനം മാരാത്ത് വീട്ടിൽ വീണ്ടും ആഹ്ളാദം.
മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ മകൻ കാർത്തിക് പി.മാരാർ ആണ് ഇത്തവണ മത്സരിച്ച 4 ഇന ങ്ങളിലും ഒന്നാം സ്ഥാനം നേടി. തുകൽവാദ്യത്തിൽ വ്യക്തിഗത ജേതാവായതിനു പുറമേ പഞ്ചാരിമേളം, തായമ്പക, ചെണ്ടമേളം എന്നിവയിലാണു ടീമിനെ നയിച്ച് ഒന്നാം സ്ഥാനത്തെത്തിച്ചത്. കാർത്തിക് ഇന്റർസോണിൽ സമ്മാനം നേടുന്നതു മൂന്നാം തവണയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നുതന്നെ എംഎ ഇംഗ്ലിഷ് പൂർത്തിയാക്കി. ഇപ്പോൾ ലൈബ്രറി സയൻസിൽ പി ജി വിദ്യാർഥിയാണ്.
അച്ഛൻ തന്നെയാണ് ആദ്യ ഗുരു. കലാനിലയം ഉദയൻ നമ്പൂതിരി, മൂർക്കനാട് സതീഷ് വാരിയർ എന്നിവരിൽ നിന്നു തായമ്പക പഠിച്ചു. ഗീതയാണ് അമ്മ. കവിത ഏക സഹോദരി.































