മെൽബൺ: നിറതോക്കുമായി വിമാനത്തിൽ കയറിയ കൗമാരക്കാരൻ ഓസ്ട്രേലിയയിൽ അറസ്റ്റിൽ. മെൽബണിൽ നിന്ന് 60 കിലോമീറ്റർ അകലെ അവ്ലോൺ എയർപോർട്ടിലാണ് സംഭവം. സിഡ്നിയിലേക്ക് പോവുകായിരുന്ന വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരനും ചേർന്നാണ് കൗമാരക്കാരനിൽ നിന്നും തോക്ക് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ജെറ്റ്സ്റ്റാർ വിമാനത്തിലാണ് കൗമാരക്കാരൻ കയറിയത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 160 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ടു കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്. ആയുധം കൈവശം വച്ചതിനും വിമാനത്തിൻ്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന് വിക്ടോറിയ പൊലീസ് സൂപ്രണ്ട് പറഞ്ഞു. യാത്രക്കാരുടെ ധൈര്യമാണ് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാക്കുന്നത് തടഞ്ഞത്.
കൗമാരക്കാരൻ വിമാനജീവനക്കാരുമായി തർക്കിക്കുന്നത് കണ്ടാണ് താൻ പ്രശ്നത്തിൽ ഇടപെട്ടതെന്ന് യാത്രക്കാരിൽ ഒരാളായ ബാരിക്ലാർക്ക് പറഞ്ഞു. തോക്ക് ചൂണ്ടിയതോടെ ചെന്ന് കുട്ടിയുടെ കൈയിൽ നിന്ന് തോക്ക് വാങ്ങിയെടുക്കാൻ സാധിച്ചെന്ന് ബാരി ക്ലാർക്ക് പറഞ്ഞു.






























