മെൽബൺ: മെൽബൺ സെൻ്റ് തോമസ് സീറോ മലബാർ രൂപതയിൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന സെൻ്റ അൽഫോൻസ കത്തീഡ്രലിലേക്ക് അഡലെയ്‌ഡിൽ നിന്ന് അമ്പതോളം കുടുംബങ്ങൾ ഇടവക വികാരി ഫാ. സിബി പുളിക്കലിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി, സെന്റ് അൽഫോൺസ ഫൊറോന പള്ളി, സെൻ്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് തീർത്ഥാടനത്തിൽ പങ്കാളികളായത്.
പൂർണ ദണ്ഡ വിമോചനം ലഭിക്കുന്നതിനായി കത്തീഡ്രലിൻ്റെ പ്രധാന വാതിലിലൂടെ പ്രദക്ഷിണമായി വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിച്ചു. 2025 ജൂബിലി വർഷത്തിൽ മാർപാപ്പയാണ് എല്ലാ രൂപതകളിലും ഓരോ ദേവാലയം പൂർണ ദണ്ഡ വിമോചനത്തിനായി തുറന്നുകൊടുക്കണമെന്ന് പ്രഖ്യാപിച്ചത്. മെൽബൺ രൂപതയുടെ പൂർണ ദണ്ഡ വിമോചന ദേവാലയം സെൻ്റ് അൽഫോൻസ കത്തിഡ്രലാണെന്ന് രൂപതാ ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു.
അഡലെയ്‌ഡ് ഇടവക വികാരി ഫാ. സിബി പുളിക്കൽ ദിവ്യബലി അർപ്പിച്ചു. കത്തീഡ്രൽ വികാരി ഫാ. മാത്യ അരിപ്ലാക്കലിനും കൈക്കാരന്മാർക്കും തീർത്ഥാടകർ നന്ദി അറിയിച്ചു. 727 കിലോമീറ്റർ സഞ്ചരിച്ചാണ് അഡ്ലയിഡിൽ നിന്നും തീർത്ഥാടകർ മെൽബണിലെത്തിയത്.
അഡലെയ്‌ഡിൽ നിന്നും മെൽബണിലെത്തിയ തീർത്ഥാടകർ സീറോ മലബാർ രൂപത ബിഷപ്പ് ജോൺ പനന്തോട്ടത്തിലിനെ ബിഷപ്പ് ഹൗസിലെത്തി സന്ദർശിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. വിക്ടോറിയയിലെ മെറിമുവിലുള്ള ഔർ ലേഡി ടാ പിനു ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടത്തി.































