സിഡ്‌നി: രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഓസ്ട്രേലിയയിൽ ക്രൈസ്‌തവർക്ക് സുപ്രധാന പങ്കുണ്ടെന്ന ഓർമപ്പെടുത്തലുമായി ഓസ്ട്രേലിയൻ ബിഷപ്പുമാർ. വോട്ട് ചെയ്യുന്നത് ഒരു പൗരന്റെ കടമ മാത്രമല്ല പൊതുനന്മയെ മുന്നോട്ട് നയിക്കാനും പ്രത്യാശയുടെ വഴിയൊരുക്കാനുമുള്ള അവസരവുമാണെന്ന് ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസിൻ്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ജനാധിപത്യത്തിൽ പങ്കുചേരാന്യം സ്നേഹത്തിൻ്റെ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനും സത്യം, നീതി, ഐകദാർഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്‌ഠിതമായി സമൂഹത്തിൻ്റെ നന്മയ്ക്ക് സംഭാവന നൽകാനും ബിഷപ്പുമാർ ആഹ്വാനം ചെയ്തു.
തങ്ങളുടെ മനസാക്ഷിയെ വ്യക്തി, വിശുദ്ധ ഗ്രന്ഥം, സഭാ പഠനങ്ങൾ എന്നിവയിലൂടെ രൂപപ്പെടത്തിക്കൊണ്ട് രാജ്യത്തിന്റെ സുപ്രധാന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനും സമൂഹത്തിൽ സമാധാനവും നീതിയും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുവാനും കത്തോലിക്കർക്ക് ബാധ്യത ഉണ്ടെന്നും ബിഷപ്പുമാർ വ്യക്തമാക്കി.
പൗരന്മാർക്കെതിരായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയെ അപലപിച്ച ബിഷപ്പുമാർ സംവാദത്തിലൂടെയും ജനാധിപത്യത്തിലൂടെയും സമാധാനപരമായി പ്രശ്നനങ്ങൾ പരിഹരിക്കണമെന്നും ആഹ്യാനം ചെയ്തു.































