മെൽബൺ : വ്യാപകമായി താരിഫ് നിരക്കുകൾ ഉയർത്തിയ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അമേരിക്കയ്ക്കും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നും ആഗോളതലത്തിൽ തിരിച്ചടികൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ ഒരു കൂട്ടരും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്- പെൻഗ്വിനുകൾ!
മനുഷ്യവാസമോ വ്യാപാരമോ സമീപകാല സന്ദർശകരോ പോലുമില്ലാത്ത തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂര ഓസ്ട്രേലിയൻ പ്രദേശമായ ഹേർഡ് ഐലൻഡും മക്ഡോണാൾഡ് ദ്വീപുകൾക്കും 10 ശതമാനം ഇറക്കുമതി താരിഫ് യുഎസ് ചുമത്തിയതിനെത്തുടർന്ന് സമൂഹമാധ്യമത്തിൽ മീമുകളുടെ വേറിട്ട ‘പെൻഗ്വിൻ പ്രതിഷേധങ്ങൾ’ അരേങ്ങറുന്നത്.
“10% താരിഫിനെ സംബന്ധിച്ച് ട്രംപുമായി ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിലേക്ക് പോകുന്ന പെൻഗ്വിനുകൾ” എന്ന മീം അടിക്കുറിപ്പും സമൂഹമാധ്യമത്തിൽ വൈറലായി. പെൻഗ്വിനുകളും സീലുകളും മാത്രം വസിക്കുന്ന ഈ വിജനമായ ദ്വീപുകളിൽ ഏകദേശം ഒരു ദശാബ്ദത്തോളമായി ആരും കാലുകുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പെർത്തിൽ നിന്ന് ഇവിടെയെത്താൻ രണ്ടാഴ്ചത്തെ കഠിനമായ ബോട്ട് യാത്ര ആവശ്യമാണ്.
ഭൂമിയിലെ ഏറ്റവും എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിൽ വസിക്കുന്ന പറക്കാൻ കഴിയാത്ത പക്ഷികളെ വ്യാപാര താരിഫുകൾ “ലക്ഷ്യമിടുന്നത്” എന്ന വിരോധാഭാസം ഇന്റർനെറ്റ് ഉപയോക്താക്കൾ ശ്രദ്ധിച്ചതാണ് പരിഹാസ ട്രോളുകളും മീമുകളും അരങ്ങ് വാഴാൻ കാരണം.





























