ക്വീൻസ്‌ലൻഡ്: ക്വീൻസ്‌ലൻഡിലെ ചെംസ്‌സൈഡിലുള്ള ജിംപി റോഡിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ മോഷ്ടാക്കൾ കടയുടമയെ ആക്രമിച്ചു. ആക്രമണത്തിൽ ജ്വല്ലറി ഉടമയായ ബിജയ് സുനാറിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് നാലംഗ സംഘം മുഖം മൂടി ധരിച്ച് ചുറ്റികയും ഇരുമ്പ് വടിയുമായി കടയിലെത്തി മോഷണം നടത്തിയത്.
കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് കടയുടമ ബിജയ് സുനാറിനെ മോഷ്ടാക്കൾ ആക്രമിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റതിന് പിന്നാലെ ബിജയ് ഓടി രക്ഷപ്പെടുകയായിരുന്നു. നാല് മിനിറ്റിനുള്ളിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. എമർജൻസി സർവീസുകൾ സ്ഥലത്തെത്തിയാണ് ബിജയ് സുനാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചെവിക്കുള്ളിൽ രക്തസ്രാവം ഉണ്ടെന്നും കേൾവിശക്തി കുറവാണെന്നും ഭാര്യ സമിത സുനാർ പറഞ്ഞു.
ഏകദേശം 500,000 ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളായ നാല് പേരും ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും സമിത സുനാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.