അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (ബോയിങ് 787-8 ഡ്രീംലൈനര്‍) തകർന്നു വീണുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയിൽ തകർന്നുവീഴുകയായിരുന്നു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ബോയിങ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ദക്ഷിണ കൊറിയയിൽ ബോയിങ് 737 വിമാനം തകർന്ന് 179 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തം സംഭവിച്ച് വെറും 6 മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോൾ അഹമ്മദാബാദിൽ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഭയാനാകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2018 ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബോയിങിന്റെ ലയൺ എയർ 610 എന്ന വിമാനം ജാവ കടലിൽ പതിച്ചിരുന്നു. ഈ അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചു. തുടർന്ന് തൊട്ടടുത്ത വര്‍ഷം 2019 മാർച്ചിൽ എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് 302 (ബോയിങ് 737 മാക്സ്), അഡിസ് അബാബയിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും ജീവനക്കാരും മരിച്ചു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്ന് ബോയിങ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, അഹമ്മമദാബാദിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിങ് വിമാനങ്ങളുടെ കാര്യക്ഷമതയും സുരക്ഷിതത്വവും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.