പോർട്ട് മോർസ്ബി : വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ടിനെ ഒക്ടോബർ 19ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഓഷ്യാന ഭൂഖണ്ഡത്തിലെ പാപ്പുവ ന്യൂ ഗിനിയിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഇതോടെ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് മാറും. പീറ്റർ തൊ റോട്ടിനൊപ്പം മറ്റ് ഏഴ് വാഴ്ത്തപ്പെട്ടവരെയും ഒക്ടോബർ 19ന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ വിശുദ്ധരായി പ്രഖ്യാപിക്കും.
പീറ്റർ തൊ റോട്ട് പാപ്പുവ ന്യൂ ഗിനിയിലെ റകുണൈ ഗ്രാമത്തിൽ 1912ൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പുരോഹിതരെ ജയിലിലടച്ചപ്പോൾ, ഫാ. ലോഫറിന്റെ നിർദേശാനുസരണം അദ്ദേഹം റകുണൈയുടെ ആത്മീയ ഉത്തരവാദിത്തം ഏറ്റെടുത്തു. ബഹുഭാര്യാത്വം നിയമപരമാക്കാനുള്ള ജപ്പാന്റെ ശ്രമത്തെ എതിർത്തതിനെ തുടർന്ന് തടവിലാക്കപ്പെട്ട അദ്ദേഹം 1945ൽ രക്തസാക്ഷിയായി. റാബൌൾ അതിരൂപതയുടെ ആർച്ച് ബിഷപ് റോക്കൂസ് തത്താമൈ വിശുദ്ധ പദവി പ്രഖ്യാപനം വരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നുള്ള മാർ സിബി മാത്യു പീടികയിലും ഈ സന്തോഷത്തിൽ പങ്കുചേർന്നു. പീറ്ററിന്റെ മാതാപിതാക്കളായ ആഞ്ചലോ ടു പുയയും മരിയ ലാ തുമുലും പാപ്പുവ ന്യൂ ഗിനിയിലെ ആദ്യകാല കത്തോലിക്കാ വിശ്വാസികളിൽപ്പെടുന്നു.
അതേസമയം, സെപ്റ്റംബർ ഏഴിന് കാർലോ അക്യൂട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും ലിയോ പതിനാലാമാൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.































