ഓസ്ട്രേയലിയയിൽ വിഷക്കൂൺ നൽകി മുൻ ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ എറിൻ പാറ്റേഴ്സണി (50)ന്റെ വിചാരണ നടക്കുന്നതിനിടെ ഏകദേശം ഒൻപത് വർഷം മുൻപ് നടന്ന മറ്റൊരു കൊലപാതകവും ശ്രദ്ധ നേടുന്നു. മലയാളിയായ പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ (34) ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനും ചേർന്ന് കൊലപ്പെടുത്തിയ സംഭവമാണത്.
പ്രണയം, വിവാഹം പിന്നീട് അരുകൊലയും
കോളജ് പഠനകാലത്താണ് സാം ഏബ്രഹാം സോഫിയയെ കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഈ പ്രണയമാണ് വിവാഹത്തിലേക്ക് നയിച്ചത്. വിവാഹിതരായ ഇരുവരും പിന്നീട് ഓസ്ട്രേലിയയിലേക്ക് ചേക്കേറി. പക്ഷേ ഇതിനിടെ സാം അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. കോളജ് പഠനകാലത്ത് തന്നെ സോഫിയ അതേ കോളജിലെ വിദ്യാർഥിയായ അരുണുമായും ബന്ധം സ്ഥാപിച്ചിരുന്നു.
വിവാഹിതയായിട്ടും അരുണുമായും സോഫിയ ബന്ധം തുടർന്നു. അരുണും ഓസ്ട്രേലിയയിൽ എത്തിയതോടെ ബന്ധം തീവ്രമായി. പിന്നീട് ഈ ബന്ധം തുടുരുന്നതിന് സാം തടസ്സമാണെന്ന് തോന്നിയതോടെ ഇരുവരും പുതിയ പദ്ധതി ആസൂത്രണം ചെയാൻ തുടങ്ങി. പിന്നീട് ലോകം കേൾക്കുന്നതിന് സാമിന്റെ മരണവാർത്തയായിരുന്നു. യുഎഇ എക്സ്ചേഞ്ച് ജീവനക്കാരൻ സാം ഏബ്രഹാമിനെ ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മെൽബണിലെ വീട്ടിലെ കിടപ്പുമുറിയിൽ 2015 ഒക്ടോബർ 14ന് ആണു മരിച്ച നിലയിലാണ് കാണപ്പെട്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരചടങ്ങുകളിൽ സോഫിയ പങ്കെടുത്തു. പിന്നീട് മകനെയും കൂട്ടി തിരികെ മെൽബണിലേക്കു മടങ്ങി.
പൊലീസിന്റെ സംശയം, സോഫിയക്ക് പിടിവീഴുന്നു
സാമിന്റെ മരണം നടന്ന് 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും പൊലീസ് അറസറ്റ് ചെയ്തോടെയാണ് സംഭവം കൊലപാതകമാണെന്ന് ലോകം അറിയുന്നത്. സാം മരിച്ച മാസങ്ങൾക്കുള്ളിൽ താമസിച്ചിരുന്ന വീട് ഒഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് സോഫിയ മകനുമായി താമസം മാറിയിരുന്നു.
സാമിന്റെ മരണം കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സോഫിയെ സഹായിക്കാൻ മുപ്പതിനായിരം ഡോളർ സ്വരൂപിച്ച് മെൽബൺ മലയാളികൾ നൽകിയിരുന്നു. അറസ്റ്റ് സംബന്ധിച്ച വാർത്ത പരന്നതോടെ അവരും ഞെട്ടി. സോഫിയ നടത്തിയ ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ആന്തരാവയവങ്ങളിൽ കണ്ടെത്തിയ സയനൈഡിന്റെ അംശമാണ്.
ഇതോടെ മരണത്തിൽ സംശയം തോന്നിയ ഡിറ്റക്ടീവ് വിഭാഗം രഹസ്യമായി അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിൽ സോഫിയയും അരുണും തമ്മിൽ ആറായിരത്തോളം തവണ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. 100 മണിക്കൂറോളം വരുന്ന ഈ സംഭാഷണങ്ങളത്രയും മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കോടതിയിൽ സമർപ്പിച്ചത്. ഇതാണ് മരണത്തിന്റെ ചുരുൾ അഴിച്ചത്.
മുൻപും കൊലപാതകശ്രമങ്ങൾ
മരിക്കുന്നതിനു മൂന്നു മാസം മുൻപ് സാമിനെതിരെ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ കൊലപാതകശ്രമം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണവും അരുണിലേക്കും സോഫിയയിലേക്കുമാണ് പൊലീസ് എത്തിയത്. ഇതോടെ ഇരുവരും പല തവണ സാമിനെ കൊല്ലുന്നതിന് ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഈ നീക്കമെല്ലാം പരാജയപ്പെട്ടതോടെയാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൃത്യം നടത്താൻ തീരുമാനിച്ചത്.
കോടതി വിധി
2018 ജനുവരി 29ന് 14 അംഗ ജൂറിക്ക് മുന്നിൽ ആരംഭിച്ച വിചാരണയിൽ അരുൺ കമലാസനനും ഭാര്യ സോഫിയയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുറഞ്ഞ ശിക്ഷാ അപേക്ഷ സോഫിയ നൽകിയെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. അരുണിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള വാദങ്ങളും കുടുംബത്തിന്റെ കഷ്ടപ്പാടുകളുമെന്ന വാദവും കോടതി തള്ളി. 2018 ജൂൺ 21ന് ഇരുവർക്കും ശിക്ഷ വിധിച്ചു.
എന്നാൽ, പിന്നീട് വിക്ടോറിയ സുപ്രീം കോടതിയുടെ അപ്പീൽ ബെഞ്ച് അരുൺ കമലാസനന്റെ 27 വർഷത്തെ തടവ് 24 വർഷമായും പരോൾ കാലാവധി 23 വർഷത്തിൽ നിന്ന് 20 വർഷമായും കുറച്ചു. അതേസമയം, സോഫിയയുടെ ശിക്ഷാ ഇളവിനുള്ള അപേക്ഷ നിരസിച്ചു. അരുണിനും സോഫിയക്കും കുറ്റകൃത്യത്തിൽ തുല്യ പങ്കാളിത്തമാണെന്നും അതിനാൽ അരുണിന് കൂടുതൽ ശിക്ഷ നൽകുന്നത് നീതിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി അരുണിന് ശിക്ഷയിൽ നേരിയ ഇളവ് നൽകിയത്.































