വിക്ടോറിയ : മുൻ ഭർത്താവിന്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്‌സൺ (50) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2023 ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. എറിന്റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ എന്നിവരും ഗെയ്‌ലിന്റെ സഹോദരി ഹെതർ വിക്കിൻസണുമാണ് വിഷക്കൂൺ കഴിച്ചതിനെ തുടർന്ന് മരിച്ചത്.
‘ഡെത്ത് ക്യാപ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള കൂൺ ഉപയോഗിച്ചാണ് എറിൻ ഭക്ഷണം പാകം ചെയ്തത്. ഇവരെ കൊല്ലുന്നതിന് മുൻകൂട്ടി ആസൂത്രണം നടത്തിയതായി കോടതി കണ്ടെത്തി. അൻപതിലധികം സാക്ഷികളെ വിസ്തരിച്ചി വിചാരണയിൽ ചുമത്തിയ നാല് കുറ്റങ്ങളിലും എറിൻ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു.
പാസ്റ്റർ ഇയാൻ വിൽക്കിൻസൺ മാത്രമാണ് വിഷക്കൂൺ അടങ്ങിയ ഭക്ഷണം കഴിച്ചിട്ടും രക്ഷപ്പെട്ടത്. ഭർത്താവായിരുന്ന സൈമൺ പീറ്റേഴ്സണിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നിലവിൽ എറിനെതിരെയുണ്ട്. ഈ കേസുകളിലെല്ലാം താൻ നിരപരാധിയാണെന്ന് എറിൻ കോടതിയിൽ വാദിച്ചിരുന്നു.
എറിൻ തന്റെ ഗർഭാശയ കാൻസറിനെക്കുറിച്ച് സംസാരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ ഡോ. നാനറ്റ് റോജേഴ്സ് കോടതിയിൽ അറിയിച്ചത്. കുട്ടികളോട് തന്റെ അസുഖവിവരം എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കാനാണെന്ന് എന്നാണ് എറിൻ ഇവരോട് പറഞ്ഞിരുന്നത്. എല്ലാവർക്കും ആഹാരം വിളമ്പിയത് എറിനാണ്. തനിക്ക് വിഷമില്ലാത്ത ആഹാരം തിരഞ്ഞെടുത്ത എറിൻ കൃത്യം നടത്താൻ ആസൂത്രണം നടത്തിയിരുന്നു.
സൈമണിന്റെ മാതാപിതാക്കളോട് എറിൻ ആഴ്ചകളായി തന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തേണ്ടിവരുമെന്ന് എറിൻ ഗെയ്‌ലിനെ അറിയിച്ചിരുന്നു. ജൂൺ 28ന് പരിശോധന ഫലം തിരക്കി ഗെയ്ൽ സന്ദേശം അയച്ചു. പരിശോധനകൾ കുഴപ്പമില്ലായിരുന്നുവെന്നും എന്നാൽ സാംപിൾ ബയോപ്‌സിക്ക് അയച്ചതായും എറിൻ മറുപടി നൽകി. ജൂൺ 16നാണ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തന്റെ രോഗവിവരം കുട്ടികളോട് പറയുന്നത് എങ്ങനെയെന്ന് ആലോചിക്കുന്നതിന് എറിൻ ഇവരെ തന്ത്രപൂർവം വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.കുട്ടികൾ ഉച്ചഭക്ഷണത്തിന് വരേണ്ടെന്ന് എറിൻ പറഞ്ഞിരുന്നു. സൈമൺ ഇത് സമ്മതിച്ചു.
ക്ഷണത്തെക്കുറിച്ച് അതിഥികൾക്ക് എല്ലാവരും ആശയക്കുഴപ്പത്തിലായിരുന്നും സൈമൺ അവസാന നിമിഷം പിന്മാറിയത് എറിനെ ‘നിരാശയാക്കിയെന്ന്’ പറയപ്പെടുന്നു. ‘പ്രത്യേക ഭക്ഷണത്തിനായി’ താൻ വളരെയധികം ശ്രമം നടത്തിയെന്നും എറിൻ സന്ദേശമയച്ചു. എല്ലാവരും പങ്കെടുക്കേണ്ടത് പ്രധാനമാണെന്ന് എറിൻ സൈമണിനോട് പറഞ്ഞിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂട്ടർ വിചാരണ വേളയിൽ അറിയിച്ചിരുന്നു.































