ഭൂമിയിലെ ഏറ്റവും ദയയും കരുണയും സ്നേഹവും ചിന്താശേഷിയും ഒക്കെയുള്ള ജീവിയായാണ് മനുഷ്യൻ സ്വയം അവകാശപ്പെടുന്നത്. എന്നാൽ, ചില മനുഷ്യർ ക്രൂരതയുടെ പര്യായമായി മാറുന്ന കാഴ്ചകളുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഒരു നായക്കുട്ടിയെ ഒരാൾ കഴുത്തിൽ തൂക്കിപ്പിടിച്ച് ചൂരലു കൊണ്ട് ക്രൂരമായി അടിക്കുകയും ശേഷം അമ്മ നായയുടെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം ചർച്ചയായതോടെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു തെരുവിൽ വച്ചാണ് ഇയാൾ നായ കുട്ടിയോട് ഇത്രയേറെ ക്രൂരമായി പെരുമാറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഏറെ അസ്വസ്ഥത ഉളവാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ രോഷ പ്രകടനത്തിന് കാരണമാവുകയും ചെയ്തു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.































