പശ്ചിമ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് സൗതേൺ മേഖലയിലുള്ള കറ്റാനിംഗ് നഗരത്തിനു സമീപം പുതിയ സ്വർണ്ണ ഖനനം ആരംഭിക്കാൻ ഓസ്ഗോൾഡ് എന്ന ഖനന കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഏകദേശം 50 ഹെക്ടർ വനഭൂമിയും 82 പഴക്കമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടി വരും. എന്നാല്‍ ഈ വൃക്ഷങ്ങൾ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കർണബിസ് ബ്ലാക്ക് കോക്കാട്ടൂ എന്ന അപൂർവ പക്ഷിയുടെ പ്രധാന കൂടുയിരിപ്പിടങ്ങളാണ്. ഇത് കൊണ്ടുതന്നെ ഈ വൃക്ഷങ്ങൾ വെട്ടിയുമാറ്റുന്നത് ആ ജീവികളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകരും സംരക്ഷണ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
ഓസ്ഗോൾഡ് കമ്പനി പറയുന്നത് പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്, അവരുടെ പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും അവർ WA Environmental Protection Authority-യ്ക്ക് സമർപ്പിച്ചിട്ടുണ്ട്, ഇപ്പോഴും ചില അന്തിമ അനുമതികൾ കിട്ടാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു, പകരം വൃക്ഷങ്ങൾ ഇല്ലാതാകുന്ന സ്ഥലങ്ങളിൽ “കോക്ട്യൂബുകൾ” എന്ന നിർമ്മിത കൂടുകളുണ്ടാക്കാനും കമ്പനി ആലോചിച്ചു വരുന്നുണ്ട് എന്നൊക്കെയാണ്.
കറ്റാനിംഗ് പ്രദേശത്ത് പദ്ധതിക്കെതിരെയും അനുകൂലമായും പ്രതികരണങ്ങളുണ്ട്. കറ്റാനിംഗ് ഷയർ പ്രസിഡന്റായ ക്രിസ്റ്റി ഡി’അപ്രിൽ പറയുന്നത് ഈ പദ്ധതി മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സഹായം ചെയ്യും, നിരവധി തൊഴിൽ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും,ഓസ്ഗോൾഡ് പ്രകാരം, ഖനന നിർമ്മാണ ഘട്ടത്തിൽ ഏകദേശം 250 താത്കാലിക ജോലികളും പിന്നീട് 350 സ്ഥിരം ജോലികളും ഉണ്ടാകും, 10 വർഷത്തേക്ക് 1.14 ദശലക്ഷം ഔൺസ് സ്വർണം ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2027-ൽ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യം എന്നൊക്കെയാണ്.
ഈ പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിക്കാനായി ഓസ്‌ട്രേലിയൻ സർക്കാരിന്റെ പരിസ്ഥിതി വകുപ്പിൻ്റെ നിരീക്ഷണവും വിലയിരുത്തലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഒരു വശത്ത് പരിസ്ഥിതി സംരക്ഷണവും മറുവശത്ത് തൊഴിലവസരങ്ങളും സാമ്പത്തിക മുന്നേറ്റവുമുള്ള ഈ പദ്ധതിക്ക് ലഭിക്കുന്ന അംഗീകാരവും പ്രതിഷേധങ്ങളും തമ്മിൽ സമതുലിത തീരുമാനമെടുക്കേണ്ടി വരുന്ന ഗൗരവപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ ഓസ്ഗോൾഡ്.































