തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകൾ അനുഷ(18) ആണ് വീടിന്‍റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. അയൽവാസിയായ വീട്ടമ്മ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് അനുഷ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ഇതിന് തെളിവായി അനുഷയുടെ ഫോണ്‍ റെക്കോര്‍ഡ് അടക്കം പൊലീസിന് ലഭിച്ചു.
അയൽവാസി അസഭ്യവർഷം നടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്യും മുൻപ് നാലോളം ബന്ധുക്കളെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞിരുന്നു. ഇത് റെക്കോഡ് ചെയ്ത ബന്ധു പൊലീസിന് തെളിവ് കൈമാറി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സ്ത്രീ എത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.































