ഓസ്ട്രേലിയൻ മലയാളി പെൺകുട്ടി പാടിയ ദിവ്യകാരുണ്യഗാനം ‘ദൈവകാരുണ്യ നേരം’ വൈറലകുന്നു. ഡിവൈൻ വോയിസ് ഓഫ് മെൽബണിന്റെ ബാനറിൽ ഫാ. ജേക്കബ് ആക്കനത്ത് എംസിബിസ് രചിച്ച്, ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം പകർന്ന് ഓസ്ട്രേലിയൻ മലയാളി പെൺകുട്ടി വൈഗ ജോയും കേദാർനാഥും ചേർന്നു പാടി, അജപാലകൻ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യപ്പെട്ട ‘ദൈവമാഗതമാകുന്ന നേരം’ എന്നുതുടങ്ങുന്ന ദിവ്യകാരുണ്യഗീതമാണ് കുറഞ്ഞ സമയത്തിനുള്ളിൽ ജനശ്രദ്ധയാകർഷിക്കുന്നത്.
സ്കോട്ട്ലാൻഡിൽ ജനിച്ച് ഓസ്ട്രേലിയയിൽ വളർന്ന വൈഗ ചെറുപ്പം മുതലേ പാട്ടിലും ഡാൻസിലും നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള വൈഗ ആദ്യമായിട്ടാണ് മലയാളത്തിൽ പാടുന്നത്. മികച്ച ഗാനങ്ങൾ ക്രിസ്ത്യൻ ഭക്തിഗാനലോകത്ത് സമ്മാനിക്കുന്ന കേദാർനാഥിനൊപ്പം ചേർന്ന് ഈ ദിവ്യകാരുണ്യഗീതം ആലപിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ് വൈഗ.

മെൽബണിലെ സെൻ്റ് മേരീസ് ക്നാനായ ഇടവകയിലെ ഗായകസംഘത്തിലെ നിറസാന്നിധ്യമാണ് വൈഗ. മാതാപിതാക്കളായ ജോയുടെയും ദീപയുടെയും വലിയ പിന്തുണയാണ് വൈഗയുടെ സംഗീതയാത്രയിലെ ഏറ്റവും വലിയ കരുത്ത്. സഹോദരി ശിഖയ്ക്ക് ഒപ്പം ചേർന്ന് സംഗീതസംവിധായകൻ എം ജയചന്ദ്രന്റെ ശിക്ഷണത്തിൽ സംഗീതപഠനം നടത്തുകയും ചെയ്യുന്നുണ്ട് വൈഗ ഇപ്പോൾ. ആദ്യഗാനം ഒരുപാട് ആളുകൾ നെഞ്ചോടുചേർത്തതിന്റെ ആഹ്ലാദത്തിലാണ് വൈഗയും കുടുംബവും.

മെൽബണിൽ സൗണ്ട് റെക്കോർഡിഗ് ചെയ്യുന്ന കോട്ടയംകാരനായ റ്റിജോ വഴിയാണ് ഈ മനോഹരഗാനത്തിൻ്റെ മ്യൂസിക് ഡയറക്ടർ ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് അച്ചനെ വൈഗയുടെ മാതാപിതാക്കൾ പരിചയപ്പെടുന്നത്. ഫിലിപ്പച്ചനോടൊപ്പം ചേർന്ന് ഡിവൈൻ വോയിസ് ഓഫ് മെൽബൺ ആണ് ഈ ദിവ്യകാരുണ്യഗീതം നിർമ്മിച്ചിരിക്കുന്നത്.
ഗാനരചയിതാവ് – ഫാ. ജേക്കബ് ആക്കനത്ത് എംസിബിഎസ്
അനേകം ഗാനങ്ങളുടെ രചയിതാവും ഗ്രന്ഥകാരനും പ്രസംഗകനുമായ ഫാ. ജേക്കബ് ആക്കനത്ത് എംസിബിഎസ് ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിട്ടുള്ളത്. ഇപ്പോൾ രോഗവസ്ഥയിലായിരിക്കുന്ന ആക്കനത്തച്ചൻ്റെ ഏറ്റവും മികച്ച രചനകളിലൊന്നാണിത്. നിരവധി ആത്മീയഗ്രന്ഥങ്ങളാൽ മലയാളികളെ അനുഗ്രഹിച്ച എഴുത്തുകാരൻ കൂടിയാണ് ആക്കനത്തച്ചൻ. അദ്ദേഹത്തിന്റെ രചനകൾ ഇപ്പോഴും ആളുകളെ സ്വാധീനിക്കുന്നുണ്ട്.
സംഗീതം: ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്
എഴുത്തുകാരനും സംഗീതജ്ഞനുമായ ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് വളരെ ഭക്തിസാന്ദ്രവും മനോഹരവുമായ സംഗീതമാണ് ഈ ഗാനത്തിനു നൽകിയിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതയിലെ മുൻ ചാൻസിലറും മലങ്കരനാദം മാസികയുടെ മുൻ ചീഫ് എഡിറ്ററുമായി സേവനം ചെയ്തിട്ടുള്ള ആളാണ് ഫിലിപ്പച്ചൻ. ഇപ്പോൾ മെൽബണിലെ മലങ്കര കത്തോലിക്ക കൂട്ടായ്‌മയുടെ ചുമതല നിർവഹിക്കുകയാണ് അച്ചൻ. അച്ചന്റെ അജപാലകൻ യുട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.
കേൾക്കുന്ന എല്ലാവരെയും ദിവ്യകാരുണ്യ ഭക്തിയിലേക്കു നയിക്കുന്ന ഗാനമാണിത്. ഈ ഗാനത്തിലൂടെ മലയാള ക്രിസ്‌തീയ ഭക്തിഗാനരംഗം കുറച്ചുകൂടി പ്രകാശിതമായി.































