ഷാര്‍ജ: വിപഞ്ചികയുടെ അതുല്യയുടെയും മരണത്തിന്‍റെ നോവുണങ്ങും മുമ്പ് ഷാര്‍ജയില്‍ മറ്റൊരു മലയാളി യുവതിയും ആത്മഹത്യക്ക് ഒരുങ്ങിയതായി വെളിപ്പെടുത്തല്‍. അധികൃതരുടെ സമയോചിത ഇടപെടലില്‍ ഈ യുവതിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനായി എന്നത് ആശ്വാസകരമാണ്. ഷാര്‍ജ പൊലീസിന്‍റെയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെയും ദ്രുതഗതിയിലുള്ള ഇടപെടലുകളാണ് മലയാളി അധ്യാപികയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഓഗസ്റ്റ് രണ്ടിന് തുടക്കമിട്ട റൈസ് (RISE) എന്ന കുടുംബ തര്‍ക്ക പരിഹാര പദ്ധതിയുടെ ഭാഗമായാണ് അസോസിയേഷന്‍ ഈ കേസ് ഏറ്റെടുത്തത്. മലയാളികളായ വിപഞ്ചികയുടെയും അതുല്യയുടെയും മരണം ഏൽപ്പിച്ച ആഘാതമാണ് ഈ ആശയത്തിന് കാരണമായത്. ഷാര്‍ജ പൊലീസിന്‍റെ കമ്മ്യൂണിറ്റി പ്രിവന്‍റീവ് ആന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പ്, ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നതായി മലയാളി അധ്യാപിക ഷാര്‍ജ പൊലീസിന് ഇ മെയില്‍ അയയ്ക്കുകയായിരുന്നെന്ന് ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മറ്റി അംഗവും റൈസ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളുമായ യൗസേഫ് സഖീര്‍ ‘ഗള്‍ഫ് ന്യൂസി’നോട് പറഞ്ഞു. ആത്മഹത്യാ ചിന്ത ഉള്ളതായും ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നു എന്ന രീതിയിലുമാണ് യുവതി ഷാര്‍ജ പൊലീസിന് ഇ മെയില്‍ അയച്ചത്. അതുല്യയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞാണ് ഈ ഇമെയില്‍ സന്ദേശം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് കേസ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കൈമാറി.