ഇറാഖില്‍ ബിസി 2700 ലെ ഒരു പുരാതന ഭക്ഷണശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്ക് ഇറാഖിലെ പുരാതന നഗരമായ ലഗാഷില്‍ നിന്നായിരുന്നു ആ കണ്ടെത്തല്‍. പുരാവസ്തു ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഭക്ഷണ ശാലയ്ക്ക് സമീപത്ത് നിന്ന് ഭക്ഷണം ശീതീകരിക്കാന്‍ ഉപയോഗിച്ചിരുന്ന പുരാതന ഫ്രിഡ്ജും ഭക്ഷണം ചൂടാകാന്‍ ഉപയോഗിച്ചിരുന്ന പുരാതന ഓവനും കണ്ടെത്തി. അതോടൊപ്പം അക്കാലം മുതലെ മനുഷ്യന്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നെന്നതിന് തെളിവായി മേശയുടെയും ബഞ്ചുകളുകളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നുള്ള ഒരു പുരാതന കണ്ടെത്തല്‍ വാര്‍ത്തകളില്‍ ഇടം തേടുന്നത്. വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യന്‍ കൃഷി പരിശീലിക്കാന്‍ തുടങ്ങിയ കാലത്തെ നിര്‍മ്മിതികളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്കും മുമ്പ് മനുഷ്യന്‍ ഏങ്ങനെ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്‍റെ അവശേഷിക്കുന്ന തെളിവുകളിലൊന്ന്. നോര്‍ത്തേണ്‍ അയര്‍ലെന്‍റിന്‍റെ ഏറ്റവും വടക്ക് ഭാഗത്തുള്ള ലോഫ് ഫോയിലിന്‍റെ തീരത്ത് പുരാതന മനുഷ്യന്‍ ജീവിച്ചിരുന്നതിന്‍റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. പുരാതന കാലത്തെ രണ്ട് വീടുകളാണ് പ്രധാനമായും ഇവിടെ നിന്നും കണ്ടെത്തിയത്. ലഭിച്ച വസ്തുക്കളില്‍ നടത്തിയ പരിശോധനകളില്‍ ഈ വീടികള്‍ ബിസി 3800 ലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.
2021-ൽ ലണ്ടൻഡെറിയിലെ ക്ലൂണി റോഡിൽ നടത്തിയ ഖനനത്തിനിടെയാണ് പഴക്കമുള്ള രണ്ട് വലിയ ചതുരാകൃതിയിലുള്ള വീടുകളുടെ തെളിവുകൾ ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതിന് ബിസി 3,800 ളം വര്‍ഷം പഴക്കമുണ്ടെന്ന് തെളിഞ്ഞത്. വീടുകള്‍ക്കൊപ്പം നവീന ശിലായുഗ ഉപകരണങ്ങൾ, മൺപാത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ എന്നിവയും കണ്ടെത്തി. ലണ്ടൻഡെറി കണ്ടെത്തിയതുപോലുള്ള വാസസ്ഥലങ്ങൾ മുമ്പ് കുഴിച്ചെടുത്തിട്ടില്ലെന്ന് ക്ലൂണി റോഡ് ഖനനത്തിന്‍റെ സൈറ്റ് ഡയറക്ടറായ പുരാവസ്തു ഗവേഷകനായ കാറ്റി മക്മോനാഗിള്‍ പറയുന്നു. ഇത്രയും പഴക്കം ചെന്ന കാലഘട്ടത്തിലെ ചതുരാകൃതിയിലുള്ള വീടുകൾ സ്‌കോട്ട്‌ലൻഡിനും അയർലൻഡിനും പുറത്ത് അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളവെന്നും കാറ്റി കൂട്ടിച്ചേര്‍ത്തു.
ലോഫ് ഫോയിലിന് ചുറ്റും ധാരാളം നിയോലിത്തിക്ക് ആളുകൾ താമസിച്ചിരുന്നുവെന്നതിന് തെളിവാണ് പുതിയ കണ്ടെത്തല്‍. 5,000 വർഷം പഴക്കമുള്ള വീടുകൾ ഇന്നത്തെ ശരാശരി വീടിനേക്കാൾ വളരെ വലുതാണ്. ഭിത്തികൾ ഉപയോഗിച്ച് മുറികള്‍ വിഭജിച്ചിരുന്നു, ഓക്ക് പലകകള്‍ ഉപയോഗിച്ച് അടിത്തറകളും വലിയ മേൽക്കൂരകളാൽ പൊതിഞ്ഞ ഘടനകളും നിര്‍മ്മിക്കപ്പെട്ടിരുന്നു. ബിസി 4,000 നും 2,000 നും ഇടയിൽ സംഭവിച്ച നിയോലിത്തിക്ക് കാലഘട്ടത്തില്‍ സാധാരണമായ വൃത്താകൃതിയിലുള്ള വീടുകളാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. നാടോടികളായി വേട്ടയാടുന്നവരിൽ നിന്ന് ആളുകൾ കൃഷിയെ ജീവിതമാർഗമായി സ്വീകരിച്ച സമയമായിരുന്നു അത്. ലണ്ടൻഡെറി സെറ്റിൽമെന്‍റ്, അത് സ്ഥിതി ചെയ്യുന്ന സ്ഥലവും അത് നിർമ്മിച്ചിരിക്കുന്ന രീതിയും, കൂടുതൽ സ്ഥിരതയാർന്ന ജീവിതരീതിയിലേക്ക് മനുഷ്യന്‍ മാറുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണെന്നും കാറ്റി മക്മോനാഗിള്‍ പറയുന്നു. നിയോലിത്തിക്ക് കാലഘട്ടത്തില്‍ ലോഫ് ഫോയിൽ ധാരാളം മരങ്ങള്‍ നിറഞ്ഞ ഫലഭൂയിഷ്ഠമായ മണ്ണുണ്ടായിരുന്ന പ്രദേശമായിരുന്നിരിക്കാം. ധാരാളം വിളവ് ഈ പ്രദേശത്ത് നിന്നും ആദിമ ജനതയ്ക്ക് ലഭിച്ചിരിക്കാം. ഭൂമിയെ വളരെ നന്നായി അവര്‍ ഉപോയിഗിച്ചിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ ഉപകരണങ്ങളും പാത്രങ്ങളും അയർലൻഡ് ദ്വീപിൽ നിയോലിത്തിക്ക് കാലഘട്ടത്തിൽ മനുഷ്യന്‍ നേടിയ പുരോഗതിയുടെ തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അയർലണ്ടിന്‍റെ തനത് ആയുധമായ പുറംതൊലി ഉരിഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന സെറേറ്റഡ് ഉപകരണങ്ങളും (ഇത് സ്വസ് ആര്‍മിയുടെ കത്തിപോലെയെന്ന് കെറി) ഒരു പ്ലാനോ-കോൺവെക്സ് കത്തിയും ഇവിടെ നിന്ന് ലഭിച്ചു. ഈ കത്തികള്‍ അയർലൻഡ് ദ്വീപിൽ മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇവിടെ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവ് നല്‍കുന്നു. ഒരു അര കല്ല് കണ്ടെത്തി. തദ്ദേശവാസികള്‍ക്ക് ധാന്യങ്ങള്‍ പൊടിച്ച് ഉപയോഗിക്കാനുള്ള അറിവിനെ കുറിച്ച് സൂചന നല്‍കുന്നു. അതായത് കൃഷി ചെയ്ത് കൊണ്ടുവരുന്ന ധാന്യം അവര് പൊടിച്ച് സൂക്ഷിച്ച് ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവാണിതെന്നും കെറി കൂട്ടിച്ചേര്‍ത്തു. ആറായിരം വർഷം പഴക്കമുള്ള കോടാലി, അമ്പുകള്‍, മൺപാത്രങ്ങൾ എന്നിവയും കണ്ടെത്തി. അയർലണ്ടിലെ ആദ്യകാല കർഷകരിൽ കുറഞ്ഞത് 50 ഓളം പേരെങ്കിലും ഇവിടെ താമസിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ പറഞ്ഞു. 6,000 വർഷം പഴക്കമുള്ള ഒരു ഗ്രാമം 2000-ൽ ഡെറിയിലെ കുൽമോർ ഏരിയയിൽ തോൺഹിൽ കോളേജിന്‍റെ പുതിയ സ്കൂളിന്‍റെ നിർമ്മാണത്തിന് മുന്നോടിയായുള്ള ഖനനത്തിനിടെ നേരത്തെ കണ്ടെത്തിയതാണ് നേരത്തെ ഈ പ്രദേശത്തുള്ള ഏറ്റവും പുരാതനമായ കണ്ടെത്തല്‍.
































