കോഴിക്കോട്: കൂടത്തായി റോയ് തോമസ് കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്തുവിട്ട് ജോളിയുടെ സഹോദരൻ ജോർജ്. അറസ്റ്റിന് മുൻപ് ജോളി കുറ്റസമ്മതം നടത്തിയതായി സഹോദരൻ ജോർജ് മൊഴി നൽകി. എതിർവിസ്താരം നടക്കുന്നതിനിടെയാണ് ജോർജ് ഇക്കാര്യം അറിയിച്ചത്. 2019 ഒക്ടോബർ മൂന്നാം തിയ്യതി ജോളി ആവശ്യപ്പെട്ടതുപ്രകാരം വീട്ടിൽ വന്നു. അപ്പോഴാണ് തെറ്റുപറ്റി പോയതായി ജോളി തന്നോട് പറഞ്ഞത്. പോലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ആവശ്യപ്രകാരമാണ് മജിസ്ട്രേറ്റിന് മൊഴി നൽകിയതെന്ന പ്രതിഭാഗത്തിന്റെ വാദം ജോർജ് നിഷേധിച്ചു. ജോളിയുമായി സ്വത്ത് സംബന്ധിച്ച് യാതൊരു തർക്കവുമില്ലെന്നും ജോർജ് വിശദമാക്കി. 57 ആം സാക്ഷിയായ ജോർജ് ജോസിന്റെ എതിർവിസ്താരം പൂർത്തിയായി. മറ്റു സാക്ഷികളുടെ വിസ്താരം ഈ മാസം 20ന് നടക്കും.