കോഴിക്കോട്:വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ിദേശ പര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും ഹവാലാ ഇടപാടുകളെ പറ്റിയും അന്വേഷണം വേണമെന്ന് പറഞ്ഞത് പാർട്ടിക്കാർ തന്നെയാണ്. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. പിണറായി വിജയൻ അധികാരത്തിൽ വന്നതിനുശേഷം വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് സിപിഎം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.































