യോഗ പരിശീലിക്കുന്നവര്‍ക്ക് അറിയാവുന്ന ഒന്നാണ്, മറ്റ് യോഗാ ക്രിയകൾ ചെയ്ത് കഴിഞ്ഞ് ഏറ്റവും അവസാനം ചെയ്യുന്ന യോഗാസനമാണ് ശവാസനം എന്നത്. ശരീരത്തിനും മനസിനും വിശ്രമം നല്‍കി അല്പ സമയം നീണ്ട് നിവർന്ന് മലര്‍ന്ന് കിടക്കുകയാണ് ശവസനമെന്നാല്‍. എന്നാല്‍, യുകെയിലെ ഒരു യോഗാ ക്ലാസിനിടെ ആളുകൾ ശവാസനം കിടന്നപ്പോൾ അത് കൂട്ടക്കൊലയെന്ന് തെറ്റിദ്ധരിച്ചു. പിന്നാലെ പോലീസായി, ആംബുലന്‍സുകളായി ആകെ കൂടി ബഹളമായി. യുകെയിലെ ലിങ്കൺഷെയറിലെ സീസ്‌കേപ്പ് കഫേയിൽ 22 വയസുകാരി മില്ലി ലോസിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗ ക്ലാസിലാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
https://www.instagram.com/reel/DG5cBSKTJGV/?utm_source=ig_web_button_share_sheet
2023 സെപ്റ്റംബർ ഏഴിന് നടന്ന സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ റിയൽ ഗൗരവ് ചൗഹാന്‍ എന്ന യോഗാ പരിശീലകന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ‘ശവാസനം കണ്ട് തെറ്റിദ്ധരിച്ച് അയൽവാസി 911 -ല്‍ വിളിച്ച് കൂട്ടക്കൊലയാണെന്ന് പരാതിപ്പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. കൂട്ടക്കൊലയെ കുറിച്ച് അറിയിപ്പ് കിട്ടിയതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ മാത്രമാണ് യോഗ പരിശീലകയും മറ്റുള്ളവരും സംഭവം അറിഞ്ഞത്.
പോലീസ് എത്തിയപ്പോഴും ആർക്കും അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ അടുത്ത് പോയപ്പോൾ മാത്രമാണ് അത് യോഗാസനമാണെന്ന് പോലീസിനും വ്യക്തമായത്. തുടർന്ന് സംഭവം വിളിച്ച് അറിയിച്ച അയൽവാസിയെ പോലീസ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. യോഗ പരിശീലക തന്‍റെ ഏഴ് വിദ്യാർത്ഥികളുമായി ക്ലാസ് അവസാനിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വഴിയിലൂടെ പോയ രണ്ട് നായ നടത്തക്കാര്‍ കെട്ടിടത്തിന്‍റെ ജനലിലൂടെ എത്തി നോക്കുന്നത് മില്ലി ലോസ് കണ്ടിരുന്നു. എന്നാല്‍ അത് ഇത്തരമൊരു പ്രശ്നത്തിലേക്ക് എത്തിക്കുമെന്ന് കരുതിയില്ലെന്നും പിന്നീട് അവര്‍ പറഞ്ഞു.
താനൊരു മേലങ്കി ധരിച്ച് ചെറിയ ശബ്ദത്തില്‍ ഡ്രം വായിച്ച് ശവാസനം കിടക്കുന്ന വിദ്യാര്‍ത്ഥികൾക്കിടയിലൂടെ നടക്കുകയായിരുന്നു. ഈസമയത്താണ് ഒരു ദമ്പതികൾ നായയുമായി അത് വഴി പോയത്. ഇവര്‍ സംശയകാരമായി നോക്കിയ ശേഷം അപ്പോൾ തന്നെ കടന്ന് പോയി. പക്ഷേ, പിന്നാലെ പോലീസ് വന്നപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവും മനസിലായതെന്നും മില്ലി പിന്നീട് പറഞ്ഞു. ആളുകൾ അനങ്ങാതെ തറയില്‍ മലര്‍ന്ന് കിടക്കുന്നത് കണ്ടവരാരോ തെറ്റിദ്ധരിച്ചതാകാമെന്ന് സീസ്‌കേപ്പ് കഫേ പിന്നീട് അവരുടെ ഫേസ്ബുക്ക് പേജിലും വിശദീകരണവുമായെത്തി. അടുത്തിടെ പങ്കുവയ്ക്കപ്പെട്ട സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.