വിക്ടോറിയ: പീഡന കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് വിക്ടോറിയ പൊലീസ്. വിക്ടോറിയ പൊലീസ് ഉദ്യോഗസ്ഥരായ നീൽ തോംസൺ (59), വാദിം ഡി വാർട്ട് (35) എന്നിവരെ കൊന്ന കേസിലെ പ്രതിയായ ഡെസി ഫ്രീമാനോട് എത്രയും വേഗം കീഴടങ്ങാനാണ് സൂപ്രണ്ട് ബ്രെറ്റ് കഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയുടെ ഭാര്യ അമാലിയ ഫ്രീമാൻ പൊലീസിന് മുന്നിൽ കീഴടങ്ങാൻ അഭ്യർഥിച്ച് അഭിഭാഷകൻ വഴി ഇന്നലെ ഡെസി ഫ്രീമാനോട് പ്രസ്താവന ഇറക്കിയിരുന്നു.
പ്രതിക്ക് പൊതുജനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഒളിത്താവളം ഒരുക്കുന്നവർ പൊലീസിനെ വിവരം അറിയിക്കണം. ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നവരും അറിയിക്കണം. അല്ലാത്ത പക്ഷം പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചെയുന്നതെന്നും കർശന നടപടി നേരിടേണ്ടി വരുമെന്നും സൂപ്രണ്ട് ബ്രെറ്റ് കഹാൻ അറിയിച്ചു.
കഴിഞ്ഞ മാസം 26നാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഡെസി ഫ്രീമാനെ അറസ്റ്റ് ചെയ്യാൻ പോർപുങ്കയിലെ വസതിയിൽ പൊലീസ് എത്തിയത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ പരുക്കേൽപ്പിക്കുകയും ചെയ്ത ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
പോർപുങ്കയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വിവരശേഖരണവും തേടുന്നുണ്ട്. ഇവിടെ ചിലയിടങ്ങൾ വനമേഖലയായതിനാൽ അന്വേഷണത്തിന് വെല്ലുവിളിയുണ്ട്. ദിവസങ്ങൾക്ക് ശേഷവും പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനം ഉയരുന്നുണ്ട്.