കഴിഞ്ഞ ദിവസം 74-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കിയിരുന്നു. അതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയെത്തുന്ന “കളങ്കാവൽ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് “കളങ്കാവൽ”. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ചേർന്ന് വലിയ ജന്മദിന ആഘോഷമാണ് താരത്തിന് വേണ്ടി നൽകിയത്. രാവിലെ മുതൽ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ ഒട്ടേറെ താരങ്ങളുടെ ജന്മദിന ആശംസകൾ മമ്മൂട്ടിയെ തേടിയെത്തി. ഒപ്പം സോഷ്യൽ മീഡിയയിലും ആരാധകർ ഈ ദിവസം മമ്മൂട്ടി സ്പെഷ്യൽ പോസ്റ്റുകളുമായി ആഘോഷിക്കുകയാണ്. ബിഗ് ബോസ് ഷോയിൽ, മമ്മൂട്ടിയുടെ ചിത്രങ്ങൾ പതിപ്പിച്ച മനോഹരമായ ഷർട്ടും അണിഞ്ഞാണ് മോഹൻലാൽ ഈ ദിവസം പ്രത്യക്ഷപ്പെടുന്നത് എന്നതും ആഘോഷങ്ങളുടെ മാറ്റു കൂട്ടുന്നു.