വിദേശത്ത് പൊലീസിന് മുന്നിൽ കൈകൂപ്പി കരയുന്ന ഇന്ത്യാക്കാരിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊലീസ് റിലീസ് എന്ന യൂട്യൂബ് ചാനൽ വഴി സ്ഥിരം മോഷ്ടാവ് പിടിയിൽ എന്ന ആരോപണവുമായി പങ്കുവച്ച വീഡിയോയാണ് വ്യാപകമായി ചർച്ചയാക്കുന്നത്. ജനുവരി 15 ന് ഇംഗ്ലണ്ടിലെ കൗണ്ടി പൊലീസ് ചോദ്യം ചെയ്ത സ്ത്രീയുടേതാണ് വീഡിയോയെന്നാണ് സംശയം. നാല് ദിവസം മുൻപാണ് ഇത് യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.
ഒരു സൂപ്പർമാർക്കറ്റിലെ ഓഫീസ് മുറിയിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കസേരയിൽ കൈകൾ കൂപ്പി ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പൊലീസുകാർ പോകുന്നതും ദേഹ പരിശോധന നടത്തുന്നതുമാണ് ദൃശ്യത്തിലെ ആദ്യ ഭാഗം. തൊട്ടുപിന്നാലെ യുവതി പൊട്ടിക്കരയുന്നു. ഏതാണ് പ്രാഥമിക ഭാഷയെന്ന ചോദ്യത്തിന് ഗുജറാത്തി എന്നാണ് യുവതി മറുപടി നൽകിയത്. ഏത് നാടെന്ന് ചോദിച്ചപ്പോൾ ഇന്ത്യയെന്നും മറുപടി പറയുന്നുണ്ട്. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തതെന്നും എന്തെങ്കിലും ഐഡി ഉണ്ടോയെന്നും പൊലീസുകാർ ചോദിക്കുന്നുണ്ട്. ഈ സമയത്ത് ദയവായി തന്നെ വിട്ടയക്കണമെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്നും യുവതി മറുപടി പറയുന്നുണ്ട്.
കേസെടുക്കാതെ, ഇനി ആവർത്തിക്കരുതെന്ന് താക്കീത് ചെയ്‌ത് പൊലീസുകാർ ഇവരെ വിട്ടയക്കുന്നുണ്ട്. ഒപ്പം മോഷണം നടന്ന കടയിലേക്ക് ഇനി ഒരിക്കലും പ്രവേശിക്കാൻ പാടില്ലെന്നും യുവതിയോട് പൊലീസുകാർ പറയുന്നുണ്ട്. എന്നാൽ സ്ത്രീയുടെ പേര് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊലീസുകാരുടെ യൂനിഫോമിലുള്ള മുദ്ര പ്രകാരം ഇത് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ കെൻ്റ് എന്ന പ്രദേശത്തെ പൊലീസാണെന്ന് വ്യക്തമായി.