ലണ്ടൻ: കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടൻ്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് കുടിയേറ്റ വിരുദ്ധ റാലി
ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങുകയായിരുന്നു. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിൻ്റെ പാലം തകർന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയത്.
യുകെ പ്രധാനമന്ത്രിയായ കെയർ സ്റ്റാർമറിനെതിരെ കടുത്ത വിമർശനം
സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്നാണ് ടോമി റോബിൻസണിൻ്റെ യഥാർത്ഥ പേര്. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ഇയാൾ. ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപക നേതാവുമാണ് ഇയാൾ. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിമർശനം. ലേബർ പാർട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമറിനെതിരെ കടുത്ത വിമർശനവും അസഭ്യവർഷവും നടത്തിയാണ് പ്രതിഷേധക്കാർ മുന്നോട്ട് പോയത്. അമേരിക്കയിൽ കൊല്ലപ്പെട്ട ചാർലി കിർക്കിന് പ്രതിഷേധക്കാർ ആദരമർപ്പിച്ചു. എങ്കിലും യുകെയിൽ രണ്ട് വർഷം മുൻപ് പലസ്തീൻ അനുകൂല റാലിയിൽ 3 ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു. ഒരു വലിയ റാലിയെന്ന നിലയിൽ ലോകമാകെ തീവ്ര വലതുവാദികളുടെ ഈ പ്രതിഷേധം ശ്രദ്ധ നേടി.