ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈവിട്ടുകളഞ്ഞ അവസരം മുതലാക്കാന്‍ ചൈനയ്‌ക്കൊപ്പം യുകെയും കളത്തിലിറങ്ങുന്നു. വിദഗ്ധ തൊഴിലാളികള്‍ അമേരിക്കയിലെത്തിയിരുന്ന എച്ച്1ബി വീസയുടെ ഫീസ് കുത്തനെ കൂട്ടി അമേരിക്ക വാതില്‍ അടയ്ക്കുമ്പോള്‍ പകരം തൊഴില്‍ വിപണി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി അവസരമൊരുക്കാന്‍ യുകെയും പദ്ധതികള്‍ തയാറാക്കുന്നു. നിലവില്‍ അതിവേഗമാണ് ചൈന സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്സ് (സ്‌റ്റെം) മേഖലയില്‍ നിന്നുള്ള പ്രതിഭകള്‍ക്കായി കെ വീസ എന്ന പേരില്‍ പുതിയ വീസ അവതരിപ്പിച്ചതും അതിനനുസരിച്ച് അപേക്ഷ ക്ഷണിച്ചതും. ഇതേ രീതിയില്‍ വിദഗ്ധരെ യൂകെയിലേക്ക് ആകര്‍ഷിക്കാനുള്ള വീസ പദ്ധതിയാണ് കെയിര്‍ സ്റ്റാര്‍മറും തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി വീസയ്ക്കുള്ള ഫീസ് തന്നെ യുകെ നിര്‍ത്തലാക്കുകയാണ്. അതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം. ഉദ്യോഗസ്ഥ തലത്തില്‍ ഇതിനായുള്ള പദ്ധതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയെന്ന് റിപ്പോര്‍ട്ടു ചെയ്യുന്നത് യുകെ മാധ്യമങ്ങള്‍ തന്നെയാണ്.
ഇങ്ങനെ സംഭവിക്കുന്ന പക്ഷം, അമേരിക്കയ്ക്കു വെല്ലുവിളിയാകാന്‍ തക്ക കരുത്തുള്ള രാജ്യങ്ങളായ യുകെയും ചൈനയും മിടുക്കരായ ചെറുപ്പക്കാരെ റാഞ്ചിക്കൊണ്ടു പോകുമെന്നതില്‍ സംശയമില്ല. അതോടെ ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ അവര്‍ക്കു തന്നെ ബൂമറാങ് പോലെ പ്രശ്‌നമായി മാറുകയും ചെയ്യും. യുകെയുടെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യങ്ങളിലെ ഉപദേഷ്ടാവായ വരുണ്‍ ചന്ദ്രയും ശാസ്്ത്രകാര്യ മന്ത്രിയായ ലോഡ് പാട്രിക് വാലന്‍സും നേതൃത്വം നല്‍കുന്ന ഗ്ലോബല്‍ ടാലന്റ് ടാസ്‌ക് ഫോഴ്‌സാണ്.