ലണ്ടൻ : ബ്രിട്ടനിൽ ജോലിക്കായി എത്തുന്നവർക്ക് ഇവിടെ സ്ഥിരതാമസത്തിനും പിന്നീട് പൗരത്വം നേടുന്നതിനും ആധാരമായ അനിശ്ചിതകാല താമസാനുമതി അഥവാ ഐ.എൽ.ആർ (ഇൻഡെഫനിറ്റ് ലീവ് ടു റിമെയ്ൻ) നിർത്തലാക്കുമെന്ന് റിഫോം യുകെ നേതാവ് നൈജൽ ഫെറാജിന്റെ പ്രഖ്യാപനം. റിഫോം യുകെ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, അഞ്ചുവർഷംകൊണ്ട് കുടിയേറ്റക്കാർക്ക് പെർമനന്റ് സെറ്റിൽമെന്റിന് അനുമതി നൽകുന്ന ഐഎൽആർ റദ്ദാക്കുമെന്നാണ് പാർട്ടി നേതാവ് നൈജൽ ഫെറാജ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പഠിച്ച് ജോലി നേടാനും വർക്ക് പെർമിറ്റിലൂടെ ജോലി സമ്പാദിച്ചും ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്ന പ്രഖ്യാപനമാണിത്. ബ്രിട്ടനിലേക്ക് വരാൻ കാത്തിരിക്കുന്നവരുടെ മനം മടുപ്പിക്കാനും ഈ പ്രഖ്യാപനം വഴിവയ്ക്കും. അനുദിനം ശക്തിപ്രാപിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ സമാനമായ വളർച്ച തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ പിന്നിലാക്കി ബ്രിട്ടനിൽ അധികാരം പിടിക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.
പാർട്ടി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതി പ്രകാരം അഞ്ചുവർഷത്തിനുശേഷം ബ്രിട്ടനിൽ തുടരാൻ കുടിയേറ്റക്കാരായ ജോലിക്കാർ വീണ്ടും വീസയ്ക്ക് അപേക്ഷ നൽകണം. രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾ ബ്രിട്ടിഷുകാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതിലൂടെ രാജ്യത്തിന് 234 ബില്യൻ പൗണ്ടിന്റെ നേട്ടം ഉണ്ടാകുമെന്നും റിഫോം യുകെ വിശദീകരിക്കുന്നു.
എന്നാൽ വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കണക്കാണിതെന്നും കുടിയേറ്റക്കാർ ക്ഷേമപദ്ധതികളെ ചൂഷണം ചെയ്യുന്നത് തടയാൻ, സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമായിരുന്നു ഇതെക്കുറിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സിന്റെ പ്രതികരണം. ലോകത്തിന്റെ ഭക്ഷ്യബാങ്കായി മാറാൻ ബ്രിട്ടനെ അനുവദിക്കില്ല. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തക തങ്ങളുടെ ഉത്തരവാദിത്വമല്ല. കൂടുതൽ കാലം ബ്രിട്ടനിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓരോ അഞ്ചുവർഷം കൂടുമ്പോളും പുതിയ വീസയ്ക്ക് അപേക്ഷിക്കണം.
ജോലിക്ക് അപേക്ഷിക്കുന്നവർ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവരും ജോലിക്ക് സർക്കാർ നിശ്ചിയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവരും ആയിരിക്കണമെന്നാണ് പാർട്ടിയുടെ പുതിയ നയം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ മൈഗ്രേഷൻ ഓബ്സർവേറ്ററി യൂണിറ്റിന്റ 2024ലെ കണക്കനുസരിച്ച് യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരിൽ 430,000 പേരാണ് ഐഎൽആറിൽ ഉള്ളത്. 2021 മുതൽ ബ്രിട്ടനിലേക്ക് കൂട്ടത്തോടെ കുടുംബസമേതം കുടിയേറിയരിൽ ഏറെയും ഉടൻതന്നെ ഐഎൽആറിന് യോഗ്യത നേടുകയും ചെയ്യും.
ബോറിസ് ജോൺസൺ ബ്രക്സിറ്റിനു ശേഷം തുറന്നിട്ട വാതിലിലൂടെ 38 ലക്ഷം പേരാണ് ബ്രിട്ടനിലേക്ക് എത്തിയത്. ബോറിസ് ഭരണകാലത്തെ ഈ കുടിയേറ്റത്തെ‘ബോറിസ് വേവ്’ എന്നു വിശേഷിപ്പിച്ച നൈജൽ ഫെറാജ്, ഇതിനെ മറികടക്കാനാണ് ശക്തമായ നിർദേശങ്ങൾ പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമാക്കി. ബോറിസ് ജോൺസന്റെ ഭരണകാലത്തുണ്ടായ ഈ കുടിയേറ്റം ജനാധിപത്യപരമായ ആഗ്രഹങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും ഫെരാജ് വിവരിച്ചു.
നിയമപരമായ കുടിയേറ്റത്തെക്കുറിച്ച് വളരെ കുറച്ച് ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ ഈ രാജ്യത്തേക്ക് വന്നിട്ടുള്ള പലരും ജോലി ചെയ്യുന്നില്ല, ഒരിക്കലും ജോലി ചെയ്തിട്ടില്ല. ഒരിക്കലും ജോലി ചെയ്യില്ല. ക്ഷേമ ചെലവുകളിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ പാപ്പരാകും. ഒരു പരിഷ്കരണ സർക്കാരിനു കീഴിൽ, ആനുകൂല്യങ്ങൾ (ബെനിഫിറ്റ്സ്) യുകെ പൗരന്മാർക്ക് മാത്രമായിരിക്കും. യുകെയിൽ തുടരാൻ 800,000 ആളുകൾ അനിശ്ചിതകാല അവധിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ബ്രെക്സിറ്റ് വോട്ടർമാർ ആഗ്രഹിച്ചത് ഇതല്ല, 2010 മുതൽ ഒരു കൺസർവേറ്റീവ് വോട്ടർ ആഗ്രഹിച്ചതും ഇതല്ല,- അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ആവശ്യമനുസരിച്ച് വർക്ക് വീസകൾ ഇനിയും ലഭ്യമാകുമെന്ന് ഫാരേജ് കൂട്ടിച്ചേർത്തു. എന്നാൽ ആർക്കാണ് യോഗ്യത ലഭിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങളും അവർ യുകെയിലേക്ക് വരുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രിക്കപ്പെടും.
അനിശ്ചിതകാല താമസത്തിനുള്ള അനുമതി നിർത്തലാക്കുകയും, പകരം അഞ്ച് വർഷത്തെ പുതുക്കാവുന്ന വർക്ക് വീസ അനുവദിക്കുകയുമാണ് പാർട്ടിയുടെ നയം. ഇതിന് ഉയർന്ന ശമ്പള പരിധിയും നിശ്ചയിക്കും. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ആർക്കും ഒരു സാഹചര്യത്തിലും യുകെയിലേക്ക് ജോലിക്ക് വരാൻ കഴിയില്ല. വിദേശ പൗരന്മാർക്ക് ആനുകൂല്യങ്ങൾ അവകാശപ്പെടാൻ അർഹതയില്ലെന്ന് ഉറപ്പാക്കാൻ റിഫോം യുകെ നിയമനിർമാണം നടത്തും.
ബ്രിട്ടിഷ് പൗരത്വത്തിന് യോഗ്യത നേടുന്നതിന് ഈ രാജ്യത്ത് താമസിക്കേണ്ട വർഷങ്ങളുടെ എണ്ണം ഏഴായി വർധിപ്പിക്കും അക്യൂട്ട് സ്കിൽസ് ഷോർട്ടേജ് വീസ ഓരോ വർഷവും എണ്ണത്തിൽ കർശനമായി പരിമിതപ്പെടുത്തും. ഈ പദ്ധതി ഉപയോഗിക്കുന്ന എല്ലാ തൊഴിലുടമയും ഓരോ റിക്രൂട്ട്മെന്റിനും പകരമായി തദ്ദേശീയരായ തൊഴിലാളികളെ പരിശീലിപ്പിക്കാൻ ലെവി നൽകണം.
‘ബ്രിട്ടനിലെ അനന്തമായ വിദേശ തൊഴിലാളികളുടെ അന്ത്യം’ എന്നാണ് ഫാരേജ് തന്റെ നയ പദ്ധതിയെ വിശേഷിപ്പിച്ചത്. ബ്രെക്സിറ്റ് കരാറിന്റെ ഭാഗമായി ഇയു സെറ്റിൽഡ് സ്റ്റാറ്റസുള്ള ആളുകൾക്ക് ഇന്നത്തെ നയപ്രഖ്യാപനങ്ങൾ ബാധകമാകില്ലെന്ന് പാർട്ടി വ്യക്തമാക്കുന്നുണ്ട്. നിലവിൽ അനിശ്ചിതകാല താമസ അനുമതി (ILR) ഉള്ളവരെ പാർട്ടി തീരുമാനം ബാധിക്കുമോ എന്ന ചോദ്യത്തിന് “കഴിഞ്ഞ സർക്കാരിന്റെ നിരുത്തരവാദിത്വത്തെയും വരാനിരിക്കുന്ന ഭീമമായ ചെലവുകളെയും കുറിച്ച് എല്ലാവരെയും ഉണർത്തുക എന്നതാണ് ഇന്നത്തെ വാർത്താ സമ്മേളനത്തിന്റെ ലക്ഷ്യം” എന്നാണ് നൈജൽ ഫെരാജ് വ്യക്തമാക്കിയത്.