കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന പരിശോധന വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂട്ടാനിലെ നിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി.
പരിവാഹൻ വെബ് സൈറ്റിൽ വരെ കൃത്രിമം കാണിച്ചു
പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലെന്നും നടൻ ദുൽഖര്‍ സൽമാന്‍റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചതെന്നും അതിൽ ഒരെണ്ണം പിടിച്ചെടുത്തുവെന്നും ടിജു തോമസ് പറഞ്ഞു. ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് വാഹനം രജിസ്ട്രര്‍ ചെയ്യുന്നത്.
ദുൽഖറിന് ഉൾപ്പടെ നോട്ടീസ് നൽകും
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും ദുൽഖര്‍ സൽമാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. വലിയ കുറ്റമാണെങ്കിൽ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടിവരും. ചെറിയ കുറ്റാമാണെങ്കിൽ പിഴ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടേണ്ടിവരുക.വിദേശത്തു നിന്ന് യൂസ്ഡ് കാർ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തത്. ദുൽഖറിന്‍റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. ഒരെണ്ണം കസ്റ്റംസ് യാര്‍ഡിലേക്ക് കൊണ്ടുവന്നു. മറ്റൊരു കാർ റോഡ് ഫിറ്റ്നസ് ഇല്ലാത്തതിനാൽ കൊണ്ടുവരാൻ മാർഗങ്ങൾ തേടുകയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.