ലണ്ടൻ: ഗാന്ധി ജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്.
1968 ലാണ് ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിൻ്റെ പ്രതീകങ്ങൾ ഇതിന് സമീപത്ത് സ്ഥാപിച്ചു. ഹിരോഷിമ-നാഗസാക്കി ആണവാക്രമണത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു ചെറി തൈ ഇവിടെ വച്ചു. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമാധാന വർഷം 1986 ൻ്റെ ഓർമയ്ക്കായി ഫീൽഡ് മേപ്പിൾ തൈയും പിന്നീട് ഇവിടെ നട്ടു. ലണ്ടനിൽ തന്നെ പീസ് പാർക് എന്ന വിശേഷണവും ഈ ഇടം നേടിയെടുത്തിരുന്നു.