17 വയസ് മാത്രമുള്ള ജീവനക്കാരിയോട് 25 വയസുള്ള ഇന്ത്യക്കാരനായ തന്റെ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ച മാനേജരെ പിരിച്ചുവിട്ട് ടിം ഹോർട്ടൺസ്. സഹോദരന് കാനഡയിൽ പെർമനന്റ് റെസിഡൻസി (പിആർ) കിട്ടാൻ വേണ്ടിയാണ് യുവതി സഹോദരനെ കാനഡയിൽ നിന്നുള്ള പെൺകുട്ടിയോട് വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ചതത്രെ. ഇതിനായി $15,000 മുതൽ $20,000 വരെ (13 ലക്ഷം മുതൽ 18 ലക്ഷം വരെ) നൽകാമെന്ന് കാനഡയിലെ ഒന്റാറിയോയിലുള്ള ടിം ഹോർട്ടൺസ് മാനേജറായ യുവതി 17 -കാരിക്ക് വാഗ്ദ്ധാനവും നൽകി.
ടൊറന്റോ സൺ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 17 വയസ്സുകാരിയും മാനേജരും തമ്മിലുള്ള മെസ്സേജുകളുടെ സ്ക്രീൻഷോട്ടും അവർ ഷെയർ ചെയ്തിട്ടുണ്ട്. ‘നിനക്കൊരു ഇന്ത്യൻ ബിഎഫ് (ബോയ്ഫ്രണ്ട്) -നെ വേണോ’ എന്നാണ് മാനേജർ ജീവനക്കാരിയായ കുട്ടിയോട് ചോദിക്കുന്നത്. അപ്പോൾ കുട്ടി ‘എത്ര വയസാണ്’ എന്ന് ചോദിക്കുന്നുണ്ട്. 25 എന്ന് മാനേജർ മറുപടി നൽകുന്നു. ‘തനിക്ക് 17 വയസ് മാത്രമേയുള്ളൂ’ എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഒപ്പം ‘ഇത് ഇവിടെ തനിക്കൊപ്പം ജോലി ചെയ്യുന്ന ആരെങ്കിലുമാണോ’ എന്നും 17 -കാരി ചോദിക്കുന്നുണ്ട്.
അപ്പോഴാണ് മാനേജർ അല്ലെന്നും തന്റെ സഹോദരന് വേണ്ടിയാണ് എന്നും പറയുന്നത്. സഹോദരന് പെർമനന്റ് റെസിഡൻസിക്ക് വേണ്ടിയാണ് എന്നും പണം തരാൻ തയ്യാറാണ് എന്നും മാനേജർ പറയുന്നു. കുട്ടിയുടെ അമ്മാവൻ മാറ്റ് മൺറോ പിന്നീട് ഇത് പൊലീസിൽ അറിയിക്കുകയായിരുന്നു. തന്റെ മരുമകൾക്ക് 17 വയസ് മാത്രമേയുള്ളൂ എന്നും മാനേജർ അവളെ സഹോദരനെ വിവാഹം കഴിക്കാൻ പറഞ്ഞ് ശല്ല്യം ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മാനേജരായ യുവതിയെ പിരിച്ചുവിട്ടതായി ടിം ഹോർട്ടൺസ് സ്ഥിരീകരിച്ചു.