പാരിസ്: ഫ്രാൻസിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിനുള്ളിൽ രണ്ട് യാത്രക്കാർ വിചിത്രമായി പെരുമാറിയതിനെ തുടർന്ന് വിമാനം പാരീസിൽ തിരിച്ചിറക്കി. റയാനെയർ വിമാനമാണ് ഫ്രാൻസിൽ തിരിച്ചറക്കിയത്. ഒരാൾ പാസ്പോർട്ട് ഭക്ഷിക്കുകയും മറ്റൊരാൾ പാസ്പോർട്ട് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്‌തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഫ്രാൻസ് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങൾ നേരിൽക്കണ്ട മറ്റ് യാത്രക്കാർ ഭയചകിതരായി. 15 മിനിറ്റോളം നീണ്ട നാടകീയ സംഭവങ്ങൾക്കാണ് വിമാനത്തിനുള്ളിൽ യാത്രക്കാർ സാക്ഷിയായത്.
വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർക്കോ ജീവനക്കാർക്കോ മനസിലായില്ല. വിമാനം പറന്നുയർന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുൻനിരയിലെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റത്. ഇയാൾ തൻ്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് കീറിമുറിച്ച് ഇത് ഭക്ഷിക്കാൻ തുടങ്ങി. മറ്റൊരു യാത്രക്കാരൻ ഇതേസമയം വിമാനത്തിൻ്റെ എതിർഭാഗത്തേക്ക് പോവുകയും ടോയ്‌ലറ്റിൽ കയറി പാസ്പോർട്ട് ഇവിടെ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ടോയ്‌ലറ്റിലെ വാതിൽ തുറക്കാൻ എയർഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ ഇതിന് തയ്യാറായില്ല.
ഭയചകിതരായ മറ്റ് യാത്രക്കാർ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. ഇതോടെ വിമാനം തിരിച്ചിറക്കുകയാണെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. പിന്നാലെ വിമാനം പാരീസിൽ തിരിച്ചിറക്കി. അസാധാരണമായി പെരുമാറിയ രണ്ട് യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി. ഇവരെ പിന്നീട് ഫ്രഞ്ച് പൊലീസിന് കൈമാറി. ഇതിന് ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു. യാത്രക്കാർ റയാനെയർ വിമാനത്തിലെ ജീവനക്കാരുടെ നടപടിയെ പ്രശംസിച്ചു.