ടെക്‌സസ്: ഗ്രൗണ്ട് ടെസ്റ്റിനിടെ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ആൽഫ റോക്കറ്റ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. ആൽഫ റോക്കറ്റ് അതിന്‍റെ ഏഴാമത്തെ പരീക്ഷണ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. 2025 സെപ്റ്റംബർ 29ന് ടെക്‌സസിൽ ബ്രിഗ്‌സിലുള്ള ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ പരീക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രീഫ്ലൈറ്റ് ടെസ്റ്റ് സ്ഫോടനത്തില്‍ അവസാനിക്കുകയായിരുന്നു. ബൂസ്റ്റർ പൂര്‍ണമായും തകര്‍ന്നെങ്കിലും ശരിയായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചതിനാൽ ആർക്കും പരിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി. ബ്രിഗ്‌സ് സൈറ്റിലെ മറ്റ് സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ ടെസ്റ്റ് സ്റ്റാൻഡിന് ചില നാശനഷ്‍ടമുണ്ടായി. സ്ഫോടനത്തിൽ ആൽഫയുടെ മുകളിലെ എഞ്ചിൻ നോസിലിന് കേടുപാടുകൾ സംഭവിച്ചു. കൂടാതെ, വിക്ഷേപണത്തിലെ പേലോഡായിരുന്ന എൽഎം 400 മൈൽ ലോക്ക്ഹീഡ് മാർട്ടിൻ ഉപഗ്രഹം കാണാതെയുമായി.
പൊട്ടിത്തെറിച്ച് ആൽഫ റോക്കറ്റ്
96.7 അടി (29.6 മീറ്റർ) ഉയരവും രണ്ട് ഘട്ടങ്ങളുമുള്ള ആൽഫ 2021 സെപ്റ്റംബറിൽ ആണ് പരീക്ഷണ വിക്ഷേപണം തുടങ്ങിയത്. ഇതുവരെ നടത്തിയ ആറ് ആൽഫ വിക്ഷേപണങ്ങളിൽ രണ്ടെണ്ണം മാത്രമേ ഇതുവരെ പൂർണ്ണമായും വിജയിച്ചിട്ടുള്ളൂ. ഏറ്റവും ഒടുവിൽ 2025 ഏപ്രിലിൽ മെസേജ് ഇൻ എ ബൂസ്റ്റർ എന്ന് വിളിക്കപ്പെട്ട ദൗത്യത്തിനിടെ, ആദ്യ ഘട്ടം ശരിയായി വേർപെടുത്താൻ കഴിയാതെ വന്നതോടെ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഫയർഫ്ലൈ വിപുലമായ ഒരു അന്വേഷണവും നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ “പ്ലൂം-ഇൻഡ്യൂസ്ഡ് ഫ്ലോ സെപ്പറേഷൻ” എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം മൂലമുണ്ടായ താപ വർധനവാണ് പ്രശ്നത്തിന് കാരണമെന്ന് ഫയർഫ്ലൈ കണ്ടെത്തി. തുടർന്ന് ഈ മാസം ആദ്യം, യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ കമ്പനിയുടെ അനോമലി ഇൻവെസ്റ്റിഗേഷന്‍റെ ഫലങ്ങൾ അംഗീകരിക്കുകയും ആൽഫയെ വീണ്ടും വിക്ഷേപിക്കാൻ അനുവദിക്കുകയുമായിരുന്നു.
ഫയർഫ്ലൈ എയ്‌റോസ്‌പേസ് ത്രിശങ്കുവില്‍
അതുകൊണ്ടുതന്നെ ഈ പുതിയ സ്‍ഫോടനം ആൽഫ റോക്കറ്റിന്‍റെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളിലേക്ക് നയിക്കുന്നു. ആൽഫ ഇപ്പോഴും സാങ്കേതിക പരിമിതികളുണ്ടെന്ന് ഈ സ്ഫോടനം സൂചിപ്പിക്കുന്നു. സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും അത് നന്നാക്കാൻ അവർക്ക് എന്തുചെയ്യാൻ സാധിക്കുമെന്നും ഫയർഫ്ലൈ സൂക്ഷ്‌മമായി പരിശോധിക്കുന്നു. പുതിയ സ്‍ഫോടനത്തിന്‍റെ കാരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുകയും അതിനനുസരിച്ച് ടെസ്റ്റ് സൈറ്റ് നന്നാക്കുകയും ചെയ്യുമെന്ന് ഫയർഫ്ലൈ എയ്‌റോസ്‌പേസ് പറയുന്നു. ഓരോ പരീക്ഷണത്തിൽ നിന്നും തങ്ങളുടെ ഡിസൈൻ മെച്ചപ്പെടുത്താനും കൂടുതൽ വിശ്വസനീയമായ ഒരു സംവിധാനം നിർമ്മിക്കാനും പഠിച്ചുവെന്നും ഫയർഫ്ലൈ വ്യക്തമാക്കുന്നു. പുതിയ പരീക്ഷണ വിക്ഷേപണത്തിന് സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇനിയുള്ള ദൗത്യങ്ങള്‍ വൈകാൻ സാധ്യതയുണ്ട്.